ഓട്ടവ: അഭയാര്‍ത്ഥി പ്രവാഹവും കുടിയേറ്റവും നിയന്ത്രിക്കുന്നതിനും രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമായി കാനഡ പുതിയ ഇമിഗ്രേഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചു. ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ അവതരിപ്പിച്ച 2026-ലെ ബജറ്റിലാണ് ഈ പ്രധാന പ്രഖ്യാപനമുള്ളത്. 2027 മുതല്‍ 2029 വരെയുള്ള കാലയളവിലേക്ക് പ്രതിവര്‍ഷം 3,80,000 പെര്‍മനന്റ് റെസിഡന്റുകളെയും (PR) 3,70,000 താല്‍ക്കാലിക താമസക്കാരെയും (Temporary Residents) സ്വീകരിക്കാനാണ് കാനഡ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താല്‍ക്കാലിക താമസക്കാരില്‍ 2,20,000 പേര്‍ തൊഴിലാളികളും 1,50,000 പേര്‍ വിദ്യാര്‍ത്ഥികളുമായിരിക്കും. ഇതിനോടൊപ്പം കാനഡയില്‍ നിലവിലുള്ള 2,00,000 താല്‍ക്കാലിക താമസക്കാര്‍ക്ക് സ്ഥിരതാമസം (PR) നല്‍കാനുള്ള പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ബജറ്റിന്റെയും ഇമിഗ്രേഷന്‍ പ്ലാനിന്റെയും ഭാഗമായി പുറത്തുവിട്ട വിവരങ്ങള്‍ താഴെ നല്‍കുന്നു:
പ്രധാന പ്രഖ്യാപനങ്ങള്‍:
ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍: പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകളുടെ 64 ശതമാനത്തിലധികം എക്കണോമിക് ഇമിഗ്രന്റുകള്‍ക്കായിരിക്കും (സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്ന തൊഴിലാളികള്‍).
2 ലക്ഷം പേര്‍ക്ക് പി.ആര്‍: എക്‌സ്പ്രസ് എന്‍ട്രി, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) വഴി ഒരു ലക്ഷം താല്‍ക്കാലിക തൊഴിലാളികള്‍ക്കും, മാനുഷിക പരിഗണന അര്‍ഹിക്കുന്ന പ്രോഗ്രാമുകള്‍ (ഹോങ്കോംഗ്, ഉക്രെയ്ന്‍ ഫാമിലി പാത്ത്വേ) വഴി ഒരു ലക്ഷം പേര്‍ക്കും സ്ഥിരതാമസം നല്‍കും.

വിദേശ തൊഴിലാളി പ്രോഗ്രാമില്‍ മാറ്റം (TFWP): പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം പരിഷ്‌കരിക്കും. ഇതിനായി 15.15 കോടി കാനഡിയന്‍ ഡോളര്‍ ബജറ്റില്‍ വകയിരുത്തി.
താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കും: 2027 അവസാനത്തോടെ രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഗ്രാമീണ മേഖലകള്‍ക്ക് മുന്‍ഗണന: തദ്ദേശീയ തൊഴിലുടമകളെയും വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയും ബന്ധിപ്പിക്കുന്ന ‘റൂറല്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍ പൈലറ്റ്’ പ്രോഗ്രാം സ്ഥിരപ്പെടുത്തും.
കാനഡയില്‍ വീടുകളുടെ ലഭ്യതക്കുറവും ജീവിതച്ചെലവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു മറുപടിയായാണ് കുടിയേറ്റ നിരക്ക് നിയന്ത്രിക്കാനും കൂടുതല്‍ തൊഴില്‍ നൈപുധ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനും മാര്‍ക്ക് കാര്‍ണി സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
