ഓട്ടവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ തങ്ങളുടെ രണ്ടാമത്തെ ബജറ്റ് സമര്‍പ്പിച്ചു. ഫെഡറല്‍ ധനമന്ത്രി ഫ്രാന്‍സ്വ-ഫിലിപ്പ് ഷാംപെയ്ന്‍ അവതരിപ്പിച്ച പുതിയ ബജറ്റ്, നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ചെറുകിട ബിസിനസുകളെയും വ്യക്തിഗത നികുതിദായകരെയും സഹായിക്കുന്നതിനുമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു.
‘മാസ്റ്റേഴ്സ് ഓഫ് ഔര്‍ ഡെസ്റ്റിനി’ (Masters of Our Destiny) എന്ന് പേരിട്ടിരിക്കുന്ന ബജറ്റിലെ പ്രധാന വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ താഴെ നല്കുന്നു:
പ്രധാന വ്യക്തിഗത നികുതി നിര്‍ദ്ദേശങ്ങള്‍ (Personal Tax Measures)
നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി (T1): എല്ലാ വ്യക്തികള്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അവരുടെ പങ്കാളികള്‍ക്കും ആദായനികുതി റിട്ടേണ്‍ (T1) സമര്‍പ്പിക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി മെയ് 15 ആയി ഏകീകരിക്കുന്നു. 2027 മുതല്‍ ഈ നിയമം നിലവില്‍ വരും.
വിദേശ വരുമാന പരിശോധനാ പ്രസ്താവന (Form T1135): വിദേശ സ്വത്തുക്കള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഫോം T1135 സമര്‍പ്പിക്കേണ്ടതിന്റെ പരിധി 100,000 ഡോളറില്‍ നിന്ന് 200,000 ഡോളറായി ഉയര്‍ത്തി. ലളിതമായ റിപ്പോര്‍ട്ടിംഗിനുള്ള പരിധി 500,000 ഡോളറായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാള്‍മെന്റ് പേയ്മെന്റുകള്‍: വ്യക്തികള്‍ക്കുള്ള ഇന്‍സ്റ്റാള്‍മെന്റ് പരിധി 3,000 ഡോളറില്‍ നിന്ന് 7,500 ഡോളറായി ഉയര്‍ത്തി. ബിസിനസ്സ് വരുമാനമുള്ളവര്‍ക്ക് ഇനി മുതല്‍ വര്‍ഷത്തില്‍ നാല് തവണയ്ക്ക് പകരം ഡിസംബര്‍ 31-നകം ഒരൊറ്റ തവണയായി (രണ്ടില്‍ മൂന്ന് ഭാഗം) ഇന്‍സ്റ്റാള്‍മെന്റ് തുക അടയ്ക്കാം.

പെന്ഷന് പദ്ധതികളില്‍ മാറ്റം (RRSP & RRIF): ആര്.ആര്.എസ്.പി (RRSP), ആര്.ആര്.ഐ.എഫ് (RRIF) നിയമങ്ങള്‍ ലയിപ്പിച്ച് ‘ആര്.ആര്.എസ്.പി-ഫോര്‍-ലൈഫ്’ (RRSP-for-life) എന്ന ആശരയം കൊണ്ടുവരുന്നു. ഇത് 71 വയസ്സില്‍ RRSP യെ RRIF ആക്കി മാറ്റേണ്ട ആവശ്യകത ഇല്ലാതാക്കും.
കെയര്‍ഗീവര്‍ ക്രെഡിറ്റ്: കാനഡ കെയര്‍ഗീവര്‍ ക്രെഡിറ്റ് (CCC) റീഫണ്ടബിള്‍ ആക്കി മാറ്റാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
ബിസിനസ്സ് നികുതിയും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും (Business Tax Measures)
കാനഡ ഗ്രോത്ത് ഇന്‍സെന്റീവ് (CGI): യോഗ്യതയുള്ള കനേഡിയന്‍ കമ്പനികളുടെ ഓഹരി വില്പനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തില്‍ (capital gains) 15 ദശലക്ഷം ഡോളര്‍ വരെ നികുതിയില്‍ ഇളവ് നല്കുന്ന പുതിയ പദ്ധതിക്ക് രൂപം നല്കി.
ചെറുകിട ബിസിനസ്സ് നിക്ഷേപങ്ങള്‍: കനേഡിയന്‍ കോര്‍പ്പറേഷനുകളിലെ ഓഹരി വില്പനയിലൂടെ ലഭിക്കുന്ന തുക വീണ്ടും നിക്ഷേപിക്കുന്നതിനുള്ള കാലാവധി മൂന്ന് വര്‍ഷമായി നീട്ടി.
കോര്‍പ്പറേറ്റ് ഇന്‍സ്റ്റാള്‍മെന്റ് പരിധി: കോര്‍പ്പറേഷനുകള്‍ക്കായുള്ള ഇന്‍സ്റ്റാള്‍മെന്റ് പരിധി 3,000 ഡോളറില്‍ നിന്ന് 7,500 ഡോളറായി ഉയര്‍ത്തി.
ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ (SR&ED): ശാസ്ത്ര ഗവേഷണ-വികസന നികുതി ആനുകൂല്യങ്ങളുടെ പരിധിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വാണിജ്യവല്‍ക്കരണ ചെലവുകളും ഉള്‍പ്പെടുത്തി വിപുലീകരിച്ചു.
വിദേശ ഭവന വാങ്ങലുകള്‍: നിലവിലുള്ള റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വിദേശികള്‍ വാങ്ങുന്നതിനുള്ള നിരോധനം 2029 ജനുവരി 1 വരെ നീട്ടിയിട്ടുണ്ട്. പുതിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഇതില്‍ ഇളവുണ്ട്.
രാജ്യം നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നികുതി വ്യവസ്ഥകള്‍ ലളിതമാക്കാനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ ഫെഡറല്‍ ബജറ്റ് ലക്ഷ്യമിടുന്നത്.
