എഡ്മിന്റൻ: ആൽബർട്ട പ്രവിശ്യയിൽ കഴിഞ്ഞ ഒക്ടോബർ 19-ന് നടന്ന ചരിത്രപ്രധാനമായ ഹിതപരിശോധന (Referendum) നടപ്പാക്കുന്നതിനായി 84 മില്യൺ ഡോളർ ചിലവായതായി ഇലക്ഷൻസ് ആൽബർട്ട വെളിപ്പെടുത്തി. കനത്ത ജോലിഭാരവും ചിലവുകളും കൈകാര്യം ചെയ്യുന്നതിനായി പ്രവിശ്യാ ലെജിസ്ലേറ്റീവ് കമ്മിറ്റിയോട് അധികമായി 49 മില്യൺ ഡോളർ കൂടി ഇലക്ഷൻസ് ആൽബർട്ട ആവശ്യപ്പെടുകയും സമിതി ഇത് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂറും മുതിർന്ന ഉദ്യോഗസ്ഥരും വ്യാഴാഴ്ച നടന്ന വിവിധ കക്ഷി എം.എൽ.എമാരുടെ യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2026-27 സാമ്പത്തിക വർഷത്തെ തങ്ങളുടെ 51 മില്യൺ ഡോളർ ബഡ്ജറ്റിൽ നിന്ന് 34 മില്യൺ ഡോളർ ഏജൻസി ഇതിനകം ചിലവഴിച്ചിരുന്നു.
ജീവനക്കാരുടെ ശമ്പളം, പരിശീലനം, വോട്ടിങ് കേന്ദ്രങ്ങളുടെ വാടക, പോസ്റ്റൽ-ഫ്രൈറ്റ് ചാർജുകൾ, ബാലറ്റ് ബോക്സുകൾ എത്തിക്കുന്നതിനുള്ള വാഹന വാടക, സുരക്ഷ എന്നിവയ്ക്കാണ് തുക ചിലവഴിച്ചത്. ഒക്ടോബറിലെ വോട്ടെടുപ്പിൽ ആകെ 22 മില്യൺ ബാലറ്റുകളാണ് ജീവനക്കാർ കൈകൊണ്ട് എണ്ണിത്തീർത്തത്. ബാലറ്റ് എണ്ണുന്നതിന് മാത്രം 21 മില്യൺ ഡോളർ ചിലവ് വന്നു.
ഹിതപരിശോധനയ്ക്കുള്ള 49 മില്യൺ ഡോളറിന് പുറമെ, 2027 ഒക്ടോബറിലെ പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി 9 മില്യൺ ഡോളറും, 23 പുതിയ ജീവനക്കാരെ നിയമിക്കുന്നതിനായി ഒരു മില്യണോളം ഡോളറും ഉൾപ്പെടെ ആകെ 59 മില്യൺ ഡോളറിന്റെ അനുബന്ധ ഫണ്ടാണ് ഏജൻസി ആവശ്യപ്പെട്ടത്.

2025 ജനുവരി മുതൽ ബൈ-ഇലക്ഷനുകളും വിവിധ പെറ്റീഷനുകളും ഉൾപ്പെടെ 37 ഇലക്ടറൽ പരിപാടികളാണ് ഏജൻസി കൈകാര്യം ചെയ്തത്. ഹിതപരിശോധനയുടെ സമയത്ത് ജീവനക്കാർ പ്രതിദിനം 16 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നതായി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്റ്റീവ് കേയ് വ്യക്തമാക്കി.
ആൽബർട്ട കാനഡയിൽ തുടരണമോ അതോ വേർപിരിയുന്നതിനായുള്ള ചർച്ചകൾ തുടങ്ങണമോ എന്നതുൾപ്പെടെ 10 ചോദ്യങ്ങളാണ് ഹിതപരിശോധനയിൽ ഉണ്ടായിരുന്നത്. ഇതിൽ 75 ശതമാനം ആൽബർട്ട നിവാസികളും കാനഡയിൽ തന്നെ തുടരാനാണ് വോട്ട് ചെയ്തത്.
പുതിയ നിയോജകമണ്ഡല അതിർത്തികൾ നിശ്ചയിക്കുന്നത് വരെ 2027-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ഇലക്ഷൻസ് ആൽബർട്ടയുടെ ആവശ്യം കഴിഞ്ഞ ആഴ്ച ജസ്റ്റിസ് മിനിസ്റ്റർ മിക്കി അമേരി നിരസിച്ചിരുന്നു. തുടർന്നുണ്ടായ കടുത്ത ജോലിഭാരത്തിനിടയിലാണ് ഏജൻസിക്ക് ഈ അധിക സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.
