വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വമ്പൻ സ്മാരക പദ്ധതിക്ക് കോടതിയുടെ തിരിച്ചടി. വാഷിങ്ടണിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കൂറ്റൻ സ്മാരക കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഫെഡറൽ ജഡ്ജി ടാന്യ ചുട്കനാണ് 14 ദിവസത്തേക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചത്. നാഷണൽ ക്യാപിറ്റൽ പ്ലാനിങ് കമ്മീഷൻ 8-4 വോട്ടുകൾക്ക് പദ്ധതിക്ക് അനുമതി നൽകി മണിക്കൂറുകൾക്കകമാണ് കോടതി ഇടപെടൽ.
നിർമാണം നഗരത്തിലെ ഗതാഗതത്തെയും അടിയന്തര സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വാഷിങ്ടൺ ഡിസിയും വിർജീനിയയും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. നിർമാണം തിടുക്കത്തിൽ ആരംഭിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാമെന്നും കോടതി വിലയിരുത്തി.
ട്രംപിന്റെ വ്യക്തിപരമായ സ്മാരകമെന്ന് വിമർശനം
ട്രംപിന്റെ വ്യക്തിപരമായ കീർത്തിക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന വിമർശനവുമായി ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തിയിരുന്നു. പൊതുജനനന്മയേക്കാൾ രാഷ്ട്രീയ പ്രചാരണത്തിനാണ് പദ്ധതിയിലൂടെ മുൻഗണന നൽകുന്നതെന്നാണ് വിമർശകരുടെ ആരോപണം.

പദ്ധതിക്കെതിരെ വിയറ്റ്നാം യുദ്ധകാലത്തെ വെറ്ററൻമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. നിർദിഷ്ട സ്മാരകം ലിങ്കൺ മെമ്മോറിയലിന്റെയും ആർലിങ്ടൺ നാഷണൽ സെമിത്തേരിയുടെയും ചരിത്രപ്രധാനമായ കാഴ്ചയെ തടസ്സപ്പെടുത്തുമെന്നാണ് ഹർജിക്കാരുടെ വാദം.
അമേരിക്കയുടെ 250-ാം വാർഷികത്തിന്റെ ഭാഗമായി പദ്ധതി
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ട്രംപ് സ്മാരക കവാടം നിർമിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. ലിങ്കൺ മെമ്മോറിയലിന് അഭിമുഖമായി പൊട്ടോമാക് നദിക്കരയിലെ മെമ്മോറിയൽ സർക്കിളിലാണ് നിർമാണം ലക്ഷ്യമിടുന്നത്.
സന്ദർശകർക്കായി നിരീക്ഷണ ഗോപുരവും ഉൾപ്പെടുന്ന സ്മാരകത്തിന്റെ നിർമാണം ഏകദേശം മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. പ്രതിദിനം രണ്ടായിരത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.
പദ്ധതിക്ക് അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നായിരുന്നു ഭരണകൂടത്തിന്റെ പ്രഖ്യാപനം. എന്നാൽ കോടതി ഉത്തരവോടെ നിർമാണ നടപടികൾ താൽക്കാലികമായി നിലച്ചിരിക്കുകയാണ്. പദ്ധതിയെച്ചൊല്ലിയുള്ള നിയമപോരാട്ടം വരും ദിവസങ്ങളിലും അമേരിക്കൻ രാഷ്ട്രീയത്തിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
