ഓട്ടവ: ഫെഡറല്‍ സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ധനമന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍. സിടിവി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം സര്‍ക്കാരിന്റെ സാമ്പത്തിക നയം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ബജറ്റ് കണക്കുകള്‍ പരിശോധിച്ചാല്‍ ധനകമ്മി കുറഞ്ഞിട്ടുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വരുമാനം ലഭിച്ചതാണ് കഴിഞ്ഞ വര്‍ഷത്തെ ധനകമ്മി കുറയ്ക്കാന്‍ സഹായിച്ചത്.
എന്നാല്‍, അടുത്ത വര്‍ഷം ധനകമ്മി 6,200 കോടി (62 ബില്യണ്‍) ഡോളറിലധികമായി ഉയരുമെന്നും 2030 വരെ 5,000 കോടി ഡോളറിന് മുകളില്‍ തുടരുമെന്നുമാണ് ബജറ്റ് വ്യക്തമാക്കുന്നത്. പുതിയതായി ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ഇതിനകം തന്നെ ചെലവഴിക്കുകയോ വകയിരുത്തുകയോ ചെയ്തിട്ടുണ്ട്. കടവും പലിശനിരക്കും ഉയര്‍ന്നതോടെ കടം തിരിച്ചടവിനുള്ള തുകയും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്. 2030-ഓടെ കടത്തിന്റെ പലിശ തിരിച്ചടവ് മാത്രം 8,500 കോടി ഡോളറിലധികമാകുമെന്നാണ് പ്രവചനം.

അടുത്ത വര്‍ഷം കാനഡ കടത്തിന്റെ പലിശയിനത്തില്‍ മാത്രം നല്കേണ്ടിവരുന്ന തുക ($60.2 ബില്യണ്‍), പ്രവിശ്യകള്‍ക്ക് ആരോഗ്യ പരിപാലനത്തിനായി നീക്കിവെച്ച തുകയെക്കാള്‍ ($57.4 ബില്യണ്‍) കൂടുതലാണ്. എന്നാല്‍, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉയര്‍ന്ന ചെലവഴിക്കല്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ‘നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനല്ല കടമെടുക്കുന്നത്. സാമ്പത്തിക രംഗം വളര്‍ത്താനുള്ള നിക്ഷേപങ്ങള്‍ക്കാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1,460 കോടി ഡോളറിന്റെ പുതിയ നടപടികളില്‍ മൂന്നില്‍ രണ്ട് ഭാഗവും സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള നിക്ഷേപങ്ങളാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം, സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ കണ്‍സര്‍വേറ്റീവുകളും എന്‍ഡിപിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. തുക എന്തിനുവേണ്ടി ചെലവഴിക്കുന്നു എന്നതിലല്ല, അമിതമായ കടമെടുപ്പിലാണ് ആശങ്കയെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് പിയേര്‍ പൊളീവ് ആരോപിച്ചു. സര്‍ക്കാരിന്റെ ബജറ്റില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇനം കടത്തിന്റെ പലിശയാണെന്നും അത് രാജ്യത്തിന് ഒരു ഡോക്ടറെയോ സൈനികനെയോ അതിര്‍ത്തി സുരക്ഷയെയോ നല്‍കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ബജറ്റെന്നും സാധാരണക്കാരിലേക്ക് ഇതിന്റെ ഫലം എത്തുമെന്നതിന് ഉറപ്പില്ലെന്നും എന്‍ഡിപി നേതാവ് ആവി ലൂയിസ് കുറ്റപ്പെടുത്തി. എന്നാല്‍, സാമ്പത്തിക ശേഷി പരമാവധി പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥ വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍ വ്യക്തമാക്കി.
