ഡൽഹി: സായുധ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ‘ദിമാഗി നക്സലുകൾ’ ഇപ്പോഴും രാജ്യത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ പാർട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറി ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ അണിനിരത്താൻ ഇത്തരക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഛത്തീസ്ഗഢിലെ ബസ്തറിൽ സിആർപിഎഫ് കമാൻഡോ ക്യാമ്പിൽ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
സായുധ മാവോയിസ്റ്റുകളെ നേരിടാൻ കഴിഞ്ഞത് കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഈ നേട്ടത്തിനിടയിലും രാജ്യത്തിന് മുന്നിലുള്ള ഭീഷണികളെ അവഗണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സായുധ മാവോയിസ്റ്റുകൾ കാടുകളിൽനിന്ന് ഇല്ലാതായെങ്കിലും ‘ദിമാഗി നക്സലുകൾ’ വിവിധ സ്ഥാപനങ്ങളിലും സംഘടനകളിലും കടന്നുകയറി സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് മോദിയുടെ ആരോപണം. ഇവർ ജനങ്ങളെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ അണിനിരത്താൻ ശ്രമിക്കുകയാണെന്നും അത്തരക്കാരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസ്റ്റുകൾക്കും വിഘടനവാദികൾക്കും ലഭിക്കുന്ന സാമ്പത്തിക സഹായം തടയാൻ കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചതായും മോദി പറഞ്ഞു. മുൻ സർക്കാരുകൾ സുരക്ഷാസേനകളുടെ പ്രവർത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതിനാൽ മാവോയിസ്റ്റുകൾക്കെതിരെ ഫലപ്രദമായി നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ തന്റെ സർക്കാർ സുരക്ഷാസേനകൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
യുവാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് മോദി വീണ്ടും ‘ദിമാഗി നക്സൽ’ പരാമർശം നടത്തിയത്. നേരത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഈ പ്രയോഗം ഉപയോഗിച്ചിരുന്നു. അന്ന് പരാമർശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
‘ദിമാഗി നക്സൽ’ എന്ന പ്രയോഗത്തിലൂടെ ആരെയാണ് ലക്ഷ്യമിടുന്നതെന്നും അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങൾ എന്താണെന്നുമുള്ള ചർച്ചകൾക്കും പുതിയ പ്രസ്താവന വഴിയൊരുക്കിയിട്ടുണ്ട്.
