Monday, November 9, 2026

ഗസ്സയ്ക്ക് ഐക്യദാർഢ്യം; ജർമ്മൻ പാർലമെന്റിന് മുന്നിൽ പലസ്തീൻ പതാക ഉയർത്തി പ്രതിഷേധം; മൂന്ന് പേർ അറസ്റ്റിൽ

ബർലിൻ: ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കും ഇസ്രയേലിന് ജർമ്മൻ സർക്കാർ നൽകുന്ന പിന്തുണയ്ക്കുമെതിരെ ബർലിനിലെ പാർലമെന്റിന് മുന്നിൽ വേറിട്ട പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ജർമ്മൻ ദേശീയ പതാക അഴിച്ചുമാറ്റി പകരം പലസ്തീൻ പതാക ഉയർത്തിയാണ് ആക്ടിവിസ്റ്റുകൾ പ്രതിഷേധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തെയും ദേശീയ ചിഹ്നങ്ങളെയും അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘പീസ്ഫുളി എഗെയ്ൻസ്റ്റ് ​ഗെനോസൈഡ്’ (Peacefully Against Genocide) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ജർമ്മൻ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചുമാണ് നടപടി സ്വീകരിച്ചതെന്ന് സംഘടന വ്യക്തമാക്കി.

ലോകത്തിന്റെ ഏത് ഭാഗത്ത് വംശഹത്യ നടന്നാലും അത് മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്ന വിഷയമാണെന്ന് സംഘടനാ വക്താവ് ആരോൺ പറഞ്ഞു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് രാജ്യങ്ങൾ പിന്നോട്ടുപോകരുതെന്നും അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേലിലേക്കുള്ള ആയുധ വിതരണം ഉടൻ നിർത്തിവെക്കണമെന്നും ആയുധ നിർമാണ കമ്പനിയായ റെയിൻമെറ്റാൾ ബർലിനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ജർമ്മൻ പാർലമെന്റുമായി ബന്ധപ്പെട്ട് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ‘പലസ്തീൻ’ എന്ന് എഴുതിയ ടി-ഷർട്ട് ധരിച്ചെത്തിയ ഇടതുപക്ഷ പാർട്ടി എം.പി കാൻസിൻ കോക്തുർക്കിനോട് പാർലമെന്റിൽ നിന്ന് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ എം.പി ശക്തമായി പ്രതികരിച്ചതും അന്ന് ചർച്ചയായിരുന്നു.

ഗസ്സയിലെ ഇസ്രയേൽ നടപടികളോടുള്ള ജർമ്മനിയുടെ നിലപാടും ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയും രാജ്യത്ത് രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെയാണ് പുതിയ പ്രതിഷേധം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!