വാഷിങ്ടൺ: രാഷ്ട്രീയ എതിരാളികളിൽ ചിലരോട് മരണക്കിടക്കയിൽ ആയാൽ പോലും ക്ഷമിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനൊരു മതവിശ്വാസിയാണെന്നും സ്വർഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ സ്വർഗ്ഗത്തൽ പ്രവേശിക്കുന്നതിന്, അത് ആവശ്യമാണെങ്കിൽ പോലും തന്റെ ചില രാഷ്ട്രീയ എതിരാളികൾക്ക് മാപ്പുനൽകാൻ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഎസ് ന്യൂസിന്റെ പ്രശസ്ത അഭിമുഖ പരിപാടിയായ ’60 മിനിറ്റ്സ്’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മതവിശ്വാസിയാണെന്നും അതിനാൽ സിദ്ധാന്തപരമായി സ്വർഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. നരകത്തിൽ പോകാൻ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ രാഷ്ട്രീയ എതിരാളികളോട് ക്ഷമിക്കേണ്ടിവരുമോ എന്ന ചോദ്യവും അഭിമുഖത്തിനിടെ ഉയർന്നു. മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി എന്നിവരോട് മാപ്പുനൽകാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. എന്നാൽ, അതിന് ട്രംപിന്റെ മറുപടി വ്യക്തമായി ‘ഇല്ല’ എന്നായിരുന്നു.

താൻ മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ രാജ്യത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ചോദ്യം അത്ര ലളിതമല്ലെന്നും രാഷ്ട്രീയ എതിരാളികൾ രാജ്യത്തിന് വലിയ ദോഷം ചെയ്തവരാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്റെ മുന്നിൽ സത്യസന്ധനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചിലരോട് തനിക്ക് കടുത്ത വെറുപ്പുണ്ടെന്ന കാര്യം നിഷേധിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ചില ശത്രുക്കളെ വെറുക്കുന്നുണ്ടെന്നും ആ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ എതിരാളികളോടുള്ള നിലപാടും മതവിശ്വാസവും സംബന്ധിച്ച ട്രംപിന്റെ പരാമർശങ്ങൾ അഭിമുഖത്തിലെ ശ്രദ്ധേയമായ ഭാഗമായിരിക്കുകയാണ്.
