ഡൽഹി: ഇന്ത്യയിൽ കഴിയുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാട്ടിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കി. പുതിയ പാസ്‌പോർട്ടിന് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ അപേക്ഷ നൽകി. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും കോടതിയിൽ കീഴടങ്ങുമെന്നും ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രിക്സ് ചേംബേഴ്‌സിലെ അഭിഭാഷകരാണ് തിങ്കളാഴ്ച ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ ആക്ടിങ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് കത്ത് നൽകിയത്. നിലവിലെ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പുതിയ രേഖകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

ബംഗ്ലാദേശ് പൗരയെന്ന നിലയിൽ ഹസീനയ്ക്ക് പുതിയ യാത്രാരേഖകളും തിരിച്ചറിയൽ രേഖകളും ലഭിക്കാൻ അർഹതയുണ്ടെന്ന് അഭിഭാഷകർ കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങൾക്കും അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾ പ്രകാരമുള്ള ബാധ്യതകൾക്കും അനുസൃതമായി അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
