Wednesday, November 11, 2026

അമേരിക്കയെ മാത്രം ആശ്രയിക്കില്ല; വ്യാപാര-പ്രതിരോധ മേഖലകളിൽ കൈകോർത്ത് കാനഡയും ഓസ്‌ട്രേലിയയും

വൻകൂവർ: അമേരിക്കയെ ആശ്രയിക്കുന്നത് കുറച്ച് സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ കാനഡയും ഓസ്‌ട്രേലിയയും ഒരുങ്ങുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പരസ്പര ബന്ധം കൂടുതൽ വിപുലീകരിക്കാനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.

വൻകൂവറിൽ നടന്ന പത്താമത് ഓസ്‌ട്രേലിയ-കാനഡ ഇക്കണോമിക് ലീഡർഷിപ്പ് ഫോറത്തിൽ 150-ലധികം രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

അമേരിക്കൻ നയങ്ങളിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാരത്തിനും സാമ്പത്തിക ആവശ്യങ്ങൾക്കും അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കാനഡയും ഓസ്‌ട്രേലിയയും. ഇതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിനൊപ്പം പരസ്പര സഹകരണവും വർധിപ്പിക്കാനാണ് തീരുമാനം.

തുല്യമായ നിലപാടുകളും സമാനമായ കാഴ്ചപ്പാടുകളുമുള്ള കാനഡയും ഓസ്‌ട്രേലിയയും സ്വാഭാവിക പങ്കാളികളാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ പറഞ്ഞു. ഭാവി മുന്നിൽക്കണ്ട് പ്രധാനമായും മൂന്ന് മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് ഫോറത്തിൽ ധാരണയായത്.

240 ബില്യൺ ഡോളർ കടന്ന് നിക്ഷേപം

ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം ഇതിനകം 240 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പെൻഷൻ ഫണ്ടുകൾ വഴി കാനഡയുടെ ഊർജമേഖലയിലും തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് ഈ സഹകരണം വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

പ്രതിരോധ സഹകരണത്തിലും മുന്നേറ്റം

പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുകയാണ്. ഓസ്‌ട്രേലിയയിൽ നിന്ന് 2.5 ബില്യൺ ഡോളറിന്റെ റഡാർ സംവിധാനം വാങ്ങാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭാവിയിൽ കാനഡയിൽ നിന്നുള്ള സാങ്കേതികവിദ്യകളും പ്രതിരോധ സംവിധാനങ്ങളും ഓസ്‌ട്രേലിയ വാങ്ങാനുള്ള സാധ്യതയുമുണ്ട്.

പെൻഷൻ ഫണ്ടുകൾ ഒന്നിച്ച് നിക്ഷേപിക്കും

അടിസ്ഥാന സൗകര്യ വികസനത്തിലും റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം വർധിപ്പിക്കുന്നതിനായി കാനഡയും ഓസ്‌ട്രേലിയയും തമ്മിൽ പുതിയ കരാറിലും ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രമുഖ പെൻഷൻ ഫണ്ടുകൾ സംയുക്തമായി നിക്ഷേപം നടത്തും.

സുസ്ഥിരമായ ഭരണസംവിധാനവും സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷവുമാണ് അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുന്നത്.

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ പുതിയ അവസരങ്ങളായി ഉപയോഗപ്പെടുത്താൻ ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയെ മാത്രം ആശ്രയിക്കാതെ കൂടുതൽ രാജ്യങ്ങളുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് കാനഡയുടെയും ഓസ്‌ട്രേലിയയുടെയും ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!