ഓട്ടവ: കാനഡയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെ (EV) ആഡംബര നികുതിയില്‍ നിന്ന് ഒഴിവാക്കി ഫെഡറല്‍ സര്‍ക്കാര്‍. 1,50,000 ഡോളറില്‍ താഴെ വിലയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളെയും (EV) 10 ശതമാനം ആഡംബര നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനകാര്യ മന്ത്രി ഫ്രാന്‍സ്വ-ഫിലിപ്പ് ഷാംപെയ്ന്‍ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ 1,00000 ഡോളറിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കും ആഡംബര നികുതി ബാധകമായിരുന്നു. പുതിയ മാറ്റത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പരിധി 1,50000 ഡോളറായി ഉയര്‍ത്തി. അതേസമയം, മറ്റ് ആഡംബര വാഹനങ്ങളുടെ നികുതി പരിധി ഒരു ലക്ഷം ഡോളറായി തുടരും. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന ആഡംബര കാറുകള്‍, വിമാനങ്ങള്‍, ബോട്ട് എന്നിവയ്ക്കാണ് 2022 സെപ്റ്റംബറില്‍ കാനഡ ആഡംബര നികുതി നടപ്പിലാക്കിയത്.

പൂജ്യത്തില്‍ താഴെ മാത്രം കാര്‍ബണ്‍ പുറന്തള്ളുന്ന (zero-emission) വാഹനങ്ങളുടെ ഉയര്‍ന്ന വിലയും ആഗോളതലത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും കണക്കിലെടുത്താണ് നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ഷാംപെയ്ന്‍ വ്യക്തമാക്കി. കാനഡയിലെ പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ശരാശരി വില ഏകദേശം 50,000 ഡോളറാണെങ്കിലും ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, ഓഡി, കാഡിലാക്, ടെസ്ല തുടങ്ങിയ ബ്രാന്‍ഡുകളുടെ ചില മോഡലുകള്‍ക്ക് ഒരു ലക്ഷം ഡോളറിലധികം വിലയുണ്ട്.
2025-ലെ കണക്കുകള്‍ പ്രകാരം കാനഡയിലെ രജിസ്റ്റര്‍ ചെയ്ത 2.53 കോടി വാഹനങ്ങളില്‍ 3.5 ശതമാനം മാത്രമാണ് സീറോ-എമിഷന്‍ വാഹനങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള കാര്‍ വില്‍പ്പനയുടെ ഏകദേശം 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ കൈയടക്കുമെന്നാണ് ധനകാര്യ വകുപ്പ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി 55,000-ത്തിലധികം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായി 2026-ലെ ബജറ്റില്‍ 58.7 കോടി ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.
