ടൊറന്റോ: കാനഡയില്‍ സീസണല്‍ പനി അഥവാ ഇന്‍ഫ്ലുവന്‍സ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി ഹെല്‍ത്ത് കാനഡയുടെ മുന്നറിയിപ്പ്. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബര്‍ട്ട, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, യൂക്കോണ്‍ എന്നീ പ്രവിശ്യകളിലാണ് നിലവില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. വരും ആഴ്ചകളിലും രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കനേഡിയന്‍ പ്രസ് നവംബര്‍ 13-ന് പുറത്തുവിട്ട ദേശീയ കണക്കുകള്‍ പ്രകാരം, നവംബറിലെ ആദ്യ ആഴ്ചയില്‍ മാത്രം രാജ്യത്ത് 4,200-ലധികം ഇന്‍ഫ്ലുവന്‍സ കേസുകളാണ് സ്ഥിരീകരിച്ചത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലാണ് ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം രേഖപ്പെടുത്തിയത്. ഇവിടെ പരിശോധനയ്ക്ക് വിധേയരായവരില്‍ 26.1 ശതമാനം മുതല്‍ 39.5 ശതമാനം വരെ ആളുകള്‍ക്ക് പനി സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തത്തിലുള്ള ഇന്‍ഫ്ലുവന്‍സ പോസിറ്റിവിറ്റി നിരക്ക് 13.7 ശതമാനമാണ്. ഇത് മിതമായ തോതിലുള്ള വ്യാപനമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

65 വയസ്സിന് മുകളിലുള്ള പ്രായമുള്ളവരിലാണ് ഇന്‍ഫ്ലുവന്‍സ ബാധ കൂടുതലായി കണ്ടുവരുന്നത്. അതേസമയം, കോവിഡ് കേസുകള്‍ ചെറിയ രീതിയില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിരതയാര്‍ന്നതും കുറഞ്ഞതുമായ തോതിലാണുള്ളത്. ആര്.എസ്.വി (RSV) വൈറസ് വ്യാപനവും നിലവില്‍ വളരെ താഴ്ന്ന നിലയിലാണ്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ എത്രയും വേഗം ഇന്‍ഫ്ലുവന്‍സ വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
