ടൊറന്റോ: ഒന്റാരിയോയിലെ ബർലിങ്ടണിൽ ടൗൺഹൗസ് സമുച്ചയത്തിനുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ചുപേർക്ക് അതീവ ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ 6:50-ഓടെയാണ് മേപ്പിൾ ക്രോസിങ് ബൊളിവാർഡിലെ (Maple Crossing Boulevard) വീട്ടിൽ തീപിടിത്തമുണ്ടായത്.
അപകടത്തിൽ രണ്ട് മുതിർന്നവർക്കും ഏകദേശം 12 വയസ്സുള്ള ഒരു കുട്ടിക്കും അഞ്ച് വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. ഒരാളുടെ പരുക്ക് ഗുരുതരമല്ല.

അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ മൂന്ന് കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ബർലിങ്ടൺ ഫയർ ചീഫ് ഡ്രൂ ബോയ്സ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചുപേരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.സമീപത്തുള്ള മറ്റ് വീടുകളിലേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ അഗ്നിരക്ഷാസേനയ്ക്ക് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടിൽ സ്മോക്ക് അലാറങ്ങൾ പ്രവർത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. ഹാൽട്ടൺ റീജനൽ പൊലീസും ബർലിങ്ടൺ ഫയർ ഡിപ്പാർട്ട്മെന്റും ഒന്റാരിയോ ഫയർ മാർഷൽ ഓഫീസും (OFM) സംഭവത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചു.
