ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ നിർണായക ധാരണയായതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അമേരിക്കൻ വിപണിയിൽ മറ്റ് മത്സരരാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതി തീരുവയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പ്രവേശനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നേരത്തെ ധാരണയിലെത്തിയ കാര്യമാണ് ഇതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

ഈജിപ്തിലെ കെയ്റോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ട ചട്ടക്കൂട് ഫെബ്രുവരിയിൽ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മുൻഗണന ലഭിക്കുമെന്ന കാര്യം ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ അംഗീകരിച്ചതാണെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. മത്സരരാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ലഭിക്കുന്ന രീതിയിലായിരിക്കും ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വ്യാപാര കരാറിന്റെ ആദ്യഘട്ടം അന്തിമമാക്കാൻ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. അമേരിക്കയിലെ തീരുവ നയങ്ങളിൽ വന്ന മാറ്റങ്ങൾ കരാർ ഒപ്പിടുന്നതിനുള്ള നടപടികളെ ബാധിച്ചിട്ടുണ്ട്. അന്തിമ തീരുവ ഘടന എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന യഥാർത്ഥ നേട്ടമെന്നും മന്ത്രി വ്യക്തമാക്കി.
ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ചെരുപ്പുകൾ, പ്ലാസ്റ്റിക്, റബർ, ഓർഗാനിക് കെമിക്കൽസ്, ഗൃഹാലങ്കാര ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് അമേരിക്കൻ വിപണിയിൽ മുൻഗണനാ പ്രവേശനം ലഭിക്കാനുള്ള സാധ്യത വ്യാപാര കരാറിന്റെ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയങ്ങളിൽ ഭൂരിഭാഗവും പരിഹരിച്ചെന്നും തീരുവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടെ ധാരണയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന ചില വിഷയങ്ങൾ പരിഹരിച്ചാൽ കരാർ ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ കയറ്റുമതിക്കാർക്കും വ്യവസായ മേഖലയ്ക്കും അമേരിക്കൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ തുറക്കാൻ പുതിയ വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കരാർ ഔദ്യോഗികമായി ഒപ്പുവെച്ച് അന്തിമ തീരുവ വ്യവസ്ഥകൾ പ്രഖ്യാപിച്ച ശേഷമേ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന കൃത്യമായ ആനുകൂല്യങ്ങൾ വ്യക്തമാകൂ.
