Tuesday, November 17, 2026

ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത; കാനഡയിൽ 2 സൂപ്പ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ: ഗോതമ്പിന്റെയും ഗ്ലൂട്ടന്റെയും സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ രണ്ട് സൂപ്പ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സൂപ്പ് ടൈം ആൽബർട്ട ഇൻക്. പുറത്തിറക്കുന്ന ബാബാസ് ബോർഷ് സൂപ്പ് (Baba’s Borscht Soup), വാർഡീസ് ബൗ വാലി ബീഫ് ബാർലി (Wardy’s Bow Valley Beef Barley) എന്നിവയാണ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) തിരിച്ചുവിളിക്കാൻ നിർദേശിച്ചത്.

ഭക്ഷ്യ അലർജിയുള്ളവർക്കും സീലിയാക് രോഗമുള്ളവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നടപടി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക മുന്നറിയിപ്പിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഗോതമ്പ്, ഗ്ലൂട്ടൻ എന്നിവയോട് അലർജിയുള്ളവരും അനുബന്ധ ആരോഗ്യപ്രശ്നങ്ങളുള്ളവരും ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സീലിയാക് രോഗമോ ഗ്ലൂട്ടനുമായി ബന്ധപ്പെട്ട മറ്റ് രോഗാവസ്ഥകളോ ഉള്ളവർ ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പിലുണ്ട്.

ആൽബർട്ടയിലും ഓൺലൈൻ വിപണിയിലും വിൽപ്പന

ആൽബർട്ട പ്രവിശ്യയിലും ഓൺലൈൻ വിപണിയിലുമാണ് ഈ സൂപ്പ് ഉൽപ്പന്നങ്ങൾ പ്രധാനമായും വിറ്റഴിച്ചത്. കാനഡയിലെ മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും ഇവ എത്തിയിരിക്കാനുള്ള സാധ്യതയും ഭക്ഷ്യസുരക്ഷാ ഏജൻസി ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുടെ കൈവശം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുണ്ടെങ്കിൽ അവ ഉടൻ ഉപയോഗിക്കുന്നത് നിർത്തണം. പാക്കറ്റുകൾ നശിപ്പിച്ചുകളയുകയോ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് CFIA നിർദേശിച്ചു. തിരിച്ചുവിളിച്ച സൂപ്പുകൾ വിൽക്കുകയോ വിതരണം ചെയ്യുകയോ മറ്റുള്ളവർക്ക് വിളമ്പുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി.

ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനെത്തുടർന്ന് അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനുമായി വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുന്ന നടപടി സ്വീകരിച്ചതായും ഏജൻസി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!