Sunday, November 15, 2026

‘ആലിസ് ഹുവാങ്ങുമായി ബന്ധമില്ല, 2025-ൽ അവർ കമ്പനി വിട്ടു’; വിശദീകരണവുമായി മെഗാസ്പീഡ്

സിംഗപ്പൂർ: ചാരവൃത്തി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആലിസ് ഹുവാങ്ങുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 30-ന് അവർ കമ്പനി വിട്ടതാണെന്നും നിലവിൽ കമ്പനിയിൽ യാതൊരു സ്ഥാനമോ ഉത്തരവാദിത്തമോ ഇല്ലെന്നും മെഗാസ്പീഡ് പ്രസ്താവനയിൽ അറിയിച്ചു.

ആലിസ് ഹുവാങ്ങിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. നിയമാനുസൃതമായ ബിസിനസ് രീതികളാണ് കമ്പനി എല്ലായ്പ്പോഴും പിന്തുടരുന്നതെന്നും വിഷയത്തിൽ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തുന്നതിനായി ബാഹ്യ നിയമോപദേശകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ആലിസ് ഹുവാങ് ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയിരുന്നോ എന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും അമേരിക്കയിലെ ഉന്നത നയരൂപീകരണ വിദഗ്ധരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ ചൈനയുടെ സുരക്ഷാ മന്ത്രാലയം ആലിസ് ഹുവാങ്ങിനെ നിയോഗിച്ചിരുന്നുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

എന്നാൽ ഈ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ലെന്നാണ് സി.എൻ.എൻ റിപ്പോർട്ട്. ചൈനീസ് ചാരവൃത്തി ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾക്കിടയിൽ വ്യത്യസ്ത വിലയിരുത്തലുകൾ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

വിഷയത്തിൽ കൂടുതൽ വ്യക്തത വരാനിരിക്കുന്നതിനിടെ ആലിസ് ഹുവാങ്ങുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് മെഗാസ്പീഡ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!