ഓട്ടവ: കാനഡയിലെ അതീവ സുരക്ഷാ മേഖലകളായ വ്യോമസേനാ താവളങ്ങള്‍ക്ക് മുകളില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തിയത് പ്രതിരോധ സംവിധാനങ്ങളുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അജ്ഞാത ഡ്രോണുകളെ തിരിച്ചറിയാന്‍ പുതുതായി സ്ഥാപിച്ച ആന്റി-ഡ്രോണ്‍ സംവിധാനം (Counter-drone system) പൂര്‍ണ്ണമായും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ (RCAF) രേഖകളിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നത്. ഒന്റാരിയോയിലെ സി.എഫ്.ബി ട്രെന്റണ്‍ (CFB Trenton), ആല്‍ബര്‍ട്ടയിലെ സി.എഫ്.ബി കോള്‍ഡ് ലേക്ക് (CFB Cold Lake) എന്നീ താവളങ്ങളില്‍ 2024-ലും 2025-ലുമായി ഏഴ് തവണയാണ് ഇത്തരത്തില്‍ ഡ്രോണുകള്‍ എത്തിയത്.
ഈ സംഭവങ്ങളിലൊന്നും ഡ്രോണുകളെ തടയാനോ അവ പ്രവര്‍ത്തിപ്പിച്ചവരെ കണ്ടെത്താനോ സാധിച്ചില്ല. കാനഡയുടെ പ്രധാന ചരക്കുവിമാനമായ സിസി-177 ഗ്ലോബ്മാസ്റ്റര്‍ (CC-177 Globemaster III) സൂക്ഷിച്ചിരിക്കുന്ന ട്രെന്റണ്‍ താവളത്തിലും സി.എഫ്-18 (CF-18) യുദ്ധവിമാനങ്ങളുടെ കേന്ദ്രമായ കോള്‍ഡ് ലേക്കിലുമാണ് സുരക്ഷാ ലംഘനമുണ്ടായത്. 2025 സെപ്റ്റംബര്‍ 22-ന് ട്രെന്റണ്‍ താവളത്തിന് മുകളില്‍ ഡ്രോണ്‍ പറന്നപ്പോള്‍, മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമായ പുതിയ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നിട്ടും ഡ്രോണിനെ കണ്ടെത്താനായില്ല. നേരത്തെ സെപ്റ്റംബര്‍ 17-ന് ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ റണ്‍വേയ്ക്ക് മുകളിലൂടെ പറന്നപ്പോള്‍ വൈദ്യുതി മുടക്കം കാരണം ഈ സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നു.

കോള്‍ഡ് ലേക്ക് താവളത്തില്‍ മണിക്കൂറില്‍ 60 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച ശബ്ദമില്ലാത്ത ഡ്രോണിനെയും, കറുത്ത ട്യൂബ് ഘടിപ്പിച്ച വെളുത്ത ഡ്രോണിനെയും സൈനികര്‍ നേരില്‍ കണ്ടിരുന്നു. ചെറിയ ഡ്രോണുകളെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവില്‍ ഈ താവളത്തിലില്ലെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സൈനിക താവളങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന് പകരം വൈദ്യുതി വിതരണ ശൃംഖലകള്‍, ഗതാഗത സംവിധാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനാകുമെന്ന് മുന്‍ നോറാഡ് (NORAD) ഡെപ്യൂട്ടി കമാന്‍ഡര്‍ റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ക്രിസ്റ്റഫര്‍ കോട്‌സ് മുന്നറിയിപ്പ് നല്‍കി.
വിദേശ ശക്തികള്‍ക്ക് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെങ്കിലും, ഭാവിയിലെ ഭീഷണികളെ നേരിടാന്‍ കാനഡ സജ്ജമാകണമെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ സൈനിക താവളങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മുകളില്‍ അജ്ഞാത ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട അതേ സമയത്താണ് കാനഡയിലും സമാന സംഭവങ്ങള്‍ ഉണ്ടായത്. കാനഡയ്ക്കുള്ളില്‍ ഡ്രോണുകള്‍ വെടിവെച്ചിടുന്നതിന് കര്‍ശനമായ നിയമതടസ്സങ്ങളുണ്ടെന്നും, ജനവാസ മേഖലകളില്‍ ഇവ തകര്‍ന്നുവീണാലുണ്ടാകുന്ന അപകടം വലിയ വെല്ലുവിളിയാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കനേഡിയന്‍ പ്രതിരോധ വകുപ്പ് തയ്യാറായില്ല. ഡ്രോണ്‍ ഭീഷണികളെ നേരിടുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 2.3 ബില്യണ്‍ ഡോളര്‍ വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
