ഓട്ടവ: മലിനീകരണ സാധ്യതയെ തുടര്‍ന്ന് മലബന്ധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പെഗ്ലൈറ്റ് പൗഡര്‍ കനേഡിയന്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. പെന്ഡോഫാം കമ്പനിയുടെ ‘പെഗ്ലൈറ്റ് പൗഡര്‍’ എന്ന മരുന്നിന്റെ നാല് ബാച്ചുകളാണ് പിന്‍വലിച്ചത്. 260303, 260304, 260305, 260306 എന്നീ ലോട്ട് നമ്പറുകളിലുള്ള മരുന്നുകള്‍ക്കാണ് ഈ മുന്നറിയിപ്പ് ബാധകമായിട്ടുള്ളത്.
തങ്ങളുടെ കൈവശമുള്ള മരുന്ന് മേല്‍പ്പറഞ്ഞ ലോട്ട് നമ്പറുകളില്‍ ഉള്‍പ്പെട്ടതാണോ എന്ന് ഉപഭോക്താക്കള്‍ പരിശോധിക്കണമെന്ന് ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു. പിന്‍വലിച്ച ബാച്ചില്‍പ്പെട്ട മരുന്നാണ് കൈവശമുള്ളതെങ്കില്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തുന്നതിന് മുന്‍പ് ആരോഗ്യപ്രവര്‍ത്തകരുടെ (ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ) ഉപദേശം തേടേണ്ടതാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഹെല്‍ത്ത് കാനഡയുടെ ഓണ്‍ലൈന്‍ സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് പരാതികള്‍ ഏജന്‍സിയുടെ ഹെല്‍ത്ത് പ്രൊഡക്റ്റ് കംപ്ലയിന്റ് സംവിധാനം വഴിയും സമര്‍പ്പിക്കാമെന്ന് ഹെല്‍ത്ത് കാനഡ ഓര്‍മ്മിപ്പിച്ചു.
