ഡൽഹി: പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യയുടെ തീരദേശ മേഖലകളിലും ആശങ്ക. കേരളം ഉൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ നവംബർ 23 മുതൽ 27 വരെ തീരദേശ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
കാലിഫോർണിയൻ തീരങ്ങളിൽ കൂറ്റൻ തിരമാലകളും തീരദേശ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ തീരങ്ങളിലും സമാനമായ പ്രതിഭാസങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉയർന്നത്. പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളും സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും ആഗോള സമുദ്രാവസ്ഥയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒരുമാസത്തിനിടെ മൂന്ന് ചുഴലിക്കാറ്റുകൾ
ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒരുമാസത്തിനിടെ മൂന്ന് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതും ആശങ്ക വർധിപ്പിക്കുന്നു. ഒക്ടോബർ അവസാനത്തോടെ അർണബ് ചുഴലിക്കാറ്റും നവംബർ മൂന്നിന് ഓംഗോളിന് സമീപം മുരശ് ചുഴലിക്കാറ്റും തീരം തൊട്ടു. തുടർന്ന് നവംബർ 20-ന് വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങളിലൂടെ കടന്നുപോയ അക്വാൻ ചുഴലിക്കാറ്റും ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായി.
ചുഴലിക്കാറ്റുകളുടെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും ഒഡിഷയിലുമായി നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവന്നിരുന്നു.
1987-ലെ എൽനിനോ വർഷത്തിലും സമാനമായ രീതിയിൽ ചുഴലിക്കാറ്റുകളുടെ പരമ്പരയുണ്ടായിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലും കള്ളക്കടൽ ഭീഷണി
ദക്ഷിണ സമുദ്രത്തിലെ വിദൂര മേഖലകളിൽ രൂപപ്പെടുന്ന ശക്തമായ കൊടുങ്കാറ്റുകളെ തുടർന്ന് ഉയരുന്ന തിരമാലകൾ ദീർഘദൂരം സഞ്ചരിച്ച് കേരളം ഉൾപ്പെടെയുള്ള തീരങ്ങളിൽ എത്താം. ഇത്തരം തിരമാലകൾ തീരത്തേക്ക് പെട്ടെന്ന് ഇരച്ചുകയറുന്ന കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായേക്കാം.
കടൽ പെട്ടെന്ന് കരയിലേക്ക് കയറുന്നതും തീരപ്രദേശങ്ങളിൽ വെള്ളം കയറുന്നതും മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ഭീഷണിയാകാം.
നവംബർ 23 മുതൽ 27 വരെ ജാഗ്രത
കേരളം, തെക്കൻ തമിഴ്നാട്, കർണാടക തുടങ്ങിയ തെക്കുപടിഞ്ഞാറൻ തീരമേഖലകളിൽ നവംബർ 23 മുതൽ 27 വരെ തീരദേശ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ദേശീയ സമുദ്ര വിവര സേവന കേന്ദ്രവും (INCOIS) കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.
