Wednesday, November 25, 2026

റാസല്‍ഖൈമ ബസപകടം: മരിച്ച മലയാളികള്‍ നാലായി

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നു. പാലക്കാട് നെല്ലായ സ്വദേശിയായ 29 കാരന്‍ മുഹമ്മദ് ആഷിഖിന്റെ മൃതദേഹം കൂടി ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണിത്. അപകടത്തില്‍ ആകെ മരിച്ച 13 പേരില്‍ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26) എന്നിവരാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായ മറ്റ് മൂന്ന് മലയാളികള്‍. മരിച്ചവരില്‍ ഉള്‍പ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിന്റെ ഭാര്യയും മലയാളിയാണ്.

പഞ്ചാബ് സ്വദേശികളായ രാജ്കുമാര്‍, രമണ്‍ കുമാര്‍, ഉത്തര്‍പ്രദേശ് സ്വദേശി റാശിദ് അലി, രാജസ്ഥാന്‍ സ്വദേശിനി മഹിമ സോണി, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാര്‍. ഒമാനില്‍ വിസ പുതുക്കുന്നതിനായി പോയി മടങ്ങുകയായിരുന്ന പ്രവാസികള്‍ സഞ്ചരിച്ച ബസ്, റാസല്‍ഖൈമയിലെ അല്‍ വതന്‍ റോഡില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസല്‍ പുറത്തൂര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!