Wednesday, November 25, 2026

അതിവേഗ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം; ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളില്‍ ആശങ്ക

ഓട്ടവ: ഓട്ടവയില്‍ നിര്‍ദ്ദിഷ്ട ആള്‍ട്ടോ (Alto) അതിവേഗ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമഭേദഗതികള്‍ക്കെതിരെ ജനരോഷം ശക്തമാകുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തങ്ങളുടെ വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുമെന്നും, സര്‍ക്കാരിന്റെ പുതിയ ഭൂമി ഏറ്റെടുക്കല്‍ അധികാരങ്ങള്‍ സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും നിയമവിദഗ്ധരും രംഗത്തെത്തി.

നിലവിലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പ് എട്ട് വര്‍ഷം വരെ ‘റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍’ (ഭൂമി വില്‍ക്കുകയാണെങ്കില്‍ ആദ്യം സര്‍ക്കാരിന് നല്‍കാനുള്ള അവകാശം) സര്‍ക്കാരിനുണ്ട്. ഇത് ഭൂഉടമകളെ വലിയൊരു അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നത്. കാരണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഭൂമി വാങ്ങാന്‍ മറ്റാരും തയ്യാറാകില്ല എന്നതുതന്നെ. പുതിയ ഭേദഗതിയിലൂടെ പദ്ധതിയുമായി ‘ബന്ധപ്പെട്ട’ (related) മറ്റ് ഭൂമികളിലേക്കും ഈ നിയമം വ്യാപിപ്പിക്കുകയാണ്. എന്നാല്‍ എന്താണ് ‘ബന്ധപ്പെട്ട ഭൂമി’ എന്നതിന് വ്യക്തമായ നിര്‍വ്വചനം നല്‍കിയിട്ടില്ലാത്തത് ഭൂവുടമകളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ഇതിനുപുറമെ, പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമികളില്‍ നാല് വര്‍ഷം വരെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ മാറ്റങ്ങളോ വരുത്തുന്നത് തടയാനുള്ള അധികാരവും സര്‍ക്കാരിന് ലഭിക്കും. മൂന്നാമതായി, റെയില്‍വേ ക്രോസിംഗുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരമ്പരാഗത ട്രൈബ്യൂണലുകള്‍ക്ക് പകരം ആര്‍ബിട്രേഷനിലേക്ക് (മധ്യസ്ഥത) മാറ്റാനാണ് പുതിയ നിര്‍ദ്ദേശം. ഇതിന്റെ ചെലവ് 50,000 ഡോളറില്‍ താഴെയാണെങ്കില്‍ ഇരുകക്ഷികളും തുക തുല്യമായി വഹിക്കേണ്ടി വരും. അതായത്, സ്വന്തം ഭൂമിയിലേക്കുള്ള വഴിക്ക് വേണ്ടി പോരാടുന്ന ഒരു ഭൂഉടമ 25,000 ഡോളര്‍ വരെ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകുന്നത്.

അതേസമയം, ഓരോ ഭൂമിയുടെയും കൃഷിയിടങ്ങളുടെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ആള്‍ട്ടോ വക്താവ് മാര്‍ലി സോക്കറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 2029-2030 കാലയളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തത്തോടെ ആരംഭിക്കുന്നതിന് പുതിയ നടപടികള്‍ സഹായിക്കുമെന്നും, നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് ഭൂഉടമകളുടെ സംരക്ഷണമോ പദ്ധതിയുടെ മേല്‍നോട്ടമോ കുറയ്ക്കുന്നതിന് കാരണമാകില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!