ടൊറന്റോ: കാനഡയില്‍ ശസ്ത്രക്രിയകള്‍ക്കും, വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കും, സ്കാനിംഗിനുമായി കാത്തുകിടക്കുന്നതിനിടെ 2025-26 കാലയളവില്‍ കുറഞ്ഞത് 29,000 പേര് മരണപ്പെട്ടതായി പുതിയ റിപ്പോര്‍ട്ട്. ‘സെക്കന്‍ഡ് സ്ട്രീറ്റ്’ (SecondStreet.org) എന്ന തിങ്ക് ടാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തേക്കാള്‍ 1.4 ശതമാനം വര്‍ദ്ധനവാണ് കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ മരണനിരക്കില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ മരണത്തില്‍ 17.5 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, ഡയഗ്നോസ്റ്റിക് സ്കാനുകള്‍ക്കായി കാത്തിരിക്കുന്നവരുടെ മരണത്തില്‍ 2.8 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തി.
എല്ലാ പ്രവിശ്യകളും ഇത്തരം മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് സെക്കന്‍ഡ് സ്ട്രീറ്റ് പ്രസിഡന്റ് കോളിന് ക്രെയ്ഗ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ എട്ട് വര്‍ഷമായി സംഘടന ശേഖരിക്കുന്ന കണക്കുകള്‍ പ്രകാരം, 2018 ഏപ്രിലിന് ശേഷം മാത്രം ചികിത്സ ലഭിക്കാതെ കാത്തുകിടന്ന് 1,29,892-ലധികം രോഗികളാണ് കാനഡയില്‍ മരണപ്പെട്ടത്.

ചികിത്സ വൈകുന്നത് രോഗികള്‍ക്ക് എത്രത്തോളം വലിയ ദുരിതമാണ് നല്‍കുന്നതെന്നതിന് ഉദാഹരണമാണ് വന്‍കൂവര്‍ ഐലന്‍ഡ് സ്വദേശിനിയായ ക്രിസ്റ്റിന് ലോഗന്റെ അനുഭവം. 2022 ഡിസംബറില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡോക്ടറെ കണ്ട ഇവര്‍ക്ക് പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ മാസങ്ങളെടുത്തു. ഒടുവില്‍ 2023 സെപ്റ്റംബറില്‍ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് നാലാം ഘട്ട അണ്ഡാശയ ക്യാന്‍സര്‍ (Stage 4 ovarian cancer) സ്ഥിരീകരിച്ചത്. എന്നാല്‍ അപ്പോഴും ചികിത്സ എന്നു തുടങ്ങാന്‍ കഴിയുമെന്ന് പറയാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ഇതോടെ അമേരിക്കന്‍-കനേഡിയന്‍ ഇരട്ട പൗരത്വമുള്ള ലോഗന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. പിന്നീട് കാനഡയില്‍ തിരിച്ചെത്തിയപ്പോള്‍ രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനാലും ചികിത്സാ കാലതാമസം നേരിട്ടതിനാലും കുടുംബത്തോടൊപ്പം സ്ഥിരമായി ടെക്സസിലേക്ക് താമസം മാറാന്‍ ഇവര്‍ നിര്‍ബന്ധിതയായി.
വിവിധ പ്രവിശ്യകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബ്രിട്ടീഷ് കൊളംബിയയില്‍ (4,620-ല്‍ നിന്ന് 4,365 ആയി), സസ്കച്വാനില്‍ (333-ല്‍ നിന്ന് 317 ആയി), ഒന്റാറിയോയിലും കാത്തിരിപ്പ് മരണങ്ങളില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഒന്റാറിയോയില്‍ ചികിത്സ ലഭിക്കുന്നതിന് മുന്‍പ് രോഗികള്‍ മരിച്ചതിനാല്‍ 115 ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ റദ്ദാക്കേണ്ടി വന്നു. അതേസമയം മാനിറ്റോബയില്‍ ശസ്ത്രക്രിയ കാത്തുകിടന്നുള്ള മരണങ്ങള് 163-ല്‍ നിന്ന് 316 ആയി ഇരട്ടിയോളം വര്‍ദ്ധിച്ചു.
വന്‍തുക ചെലവഴിച്ചിട്ടും ജനങ്ങള്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്കാന് കാനഡയിലെ ആരോഗ്യ സംവിധാനത്തിന് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതുജനാരോഗ്യ മാതൃകകള്‍ കാനഡയും പിന്തുടരണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. അതേസമയം, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്ന ഒന്റാരിയോ സര്‍ക്കാരിന്റെ നടപടി ഫലം കാണുന്നില്ലെന്നും, പൊതുമേഖലാ ആശുപത്രികളുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണ് വേണ്ടതെന്നും ‘കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ്’ (CCPA) നടത്തിയ പഠനവും വ്യക്തമാക്കുന്നു.
