ഓട്ടവ: കെബെക്ക് പ്രവിശ്യയിലെ വിവാദ മതേതരത്വ നിയമമായ ബിൽ 21 ഭൂരിഭാഗവും ശരിവെച്ച് കാനഡ സുപ്രീംകോടതി. 2019ൽ പ്രാബല്യത്തിൽ വന്ന നിയമത്തിനെതിരായ നിർണായക നിയമപോരാട്ടത്തിലാണ് കോടതിയുടെ ചരിത്രവിധി. പൊതുമേഖലാ ജീവനക്കാർ ജോലിസമയത്ത് മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കുന്ന നിയമം ഭരണഘടനാപരമായി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹത്തിൽ ഭരണകൂടത്തെ മതത്തിൽ നിന്ന് വേർതിരിച്ചുനിർത്താനുള്ള കെബെക്കിന്റെ ചരിത്രപരമായ നിലപാടിന്റെ ഭാഗമാണ് ബിൽ 21 എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
അധ്യാപകർ, ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പൊതുമേഖലാ ജീവനക്കാർ ജോലിക്കിടെ ഹിജാബ്, സിഖ് തലപ്പാവ്, യഹൂദരുടെ കിപ്പാ തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കുന്നത് നിയമം നിരോധിക്കുന്നു. ഇതുമൂലം വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജീവനക്കാരുടെ തൊഴിൽ അവസരങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും ബാധിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ നിയമത്തിലെ ഒരു വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഏകകണ്ഠമായി കണ്ടെത്തി. കെബെക്ക് ദേശീയ അസംബ്ലിയിലെ അംഗങ്ങൾ മുഖം മറയ്ക്കുന്നത് നിരോധിക്കുന്ന വ്യവസ്ഥയാണ് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമായി കോടതി വിലയിരുത്തിയത്. ഭരണഘടനാ ചാർട്ടറിലെ സെക്ഷൻ 3 പ്രകാരം പൗരന്മാർക്ക് വോട്ട് ചെയ്യാനും നിയമനിർമാണ സഭയിലേക്ക് മത്സരിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്.

അതേസമയം, ഇംഗ്ലീഷ് ഭാഷാ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്ന സെക്ഷൻ 23 ബിൽ 21 ലംഘിക്കുന്നില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. നിയമം ഇംഗ്ലീഷ് ഭാഷാ സ്കൂൾ ബോർഡുകൾക്ക് ചില ജീവനക്കാരെ നിയമിക്കാനും നിലനിർത്താനും സ്ഥലംമാറ്റാനും സ്ഥാനക്കയറ്റം നൽകാനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്ന് കോടതി അംഗീകരിച്ചു. എന്നാൽ ഈ നിയന്ത്രണങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ താൽപര്യങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
സ്ത്രീ-പുരുഷ സമത്വവുമായി ബന്ധപ്പെട്ട ഭരണഘടനാ സെക്ഷൻ 28ഉം നിയമം ലംഘിക്കുന്നില്ലെന്ന് കോടതി വിധിച്ചു. സെക്ഷൻ 28 പ്രത്യേകമായൊരു അവകാശം സൃഷ്ടിക്കുന്നില്ലെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമത്തെ ചോദ്യം ചെയ്യാനാകില്ലെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.
കെബെക്കിലെ മുൻ ക്വാലിഷൻ അവനിർ കെബെക്ക് (CAQ) സർക്കാർ 2019ൽ 73നെതിരെ 35 വോട്ടുകൾക്കാണ് ബിൽ 21 പാസാക്കിയത്. പ്രവിശ്യയിലെ മതേതരത്വ നയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്.
കോടതിയുടെ വിധി ബിൽ 21നെതിരായ നിയമപോരാട്ടത്തിൽ നിർണായക വഴിത്തിരിവാണ്. അതേസമയം, ദേശീയ അസംബ്ലി അംഗങ്ങളുടെ മുഖം മറയ്ക്കുന്നതിനുള്ള നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തൽ നിയമത്തിലെ ആ വ്യവസ്ഥയ്ക്ക് തിരിച്ചടിയായി.
