Friday, November 27, 2026

വ്യാജ ഇമെയിലിലൂടെ പണം തട്ടി; ഒന്റാരിയോയിലെ ചെറുകിട കമ്പനിക്ക് നഷ്ടമായത് 36,000 ഡോളർ

ടൊറന്റോ: വിതരണക്കാരന്റെ പേരിൽ വ്യാജ ഇമെയിൽ അയച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റിയുള്ള തട്ടിപ്പിൽ ഒന്റാരിയോയിലെ ചെറുകിട കമ്പനിക്ക് 36,000 ഡോളർ നഷ്ടമായി. ഒന്റാരിയോയിലെ സ്ട്രാറ്റ്ഫോർഡിൽ പ്രവർത്തിക്കുന്ന ആബ്രോൺ ഇലക്ട്രിക് ആൻഡ് ഓട്ടോമേഷൻ (Abtron Electric and Automation) എന്ന സ്ഥാപനമാണ് ബിസിനസ് ഇമെയിൽ തട്ടിപ്പിന് ഇരയായത്.

കമ്പനിയുടെ ഉടമ ജെഫ് ഡൈബോൾട്ടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പ് നേരിടേണ്ടിവന്നത്. കമ്പനിയുടെ സ്ഥിരം വിതരണക്കാരനാണെന്ന് നടിച്ച് തട്ടിപ്പുകാർ ഇമെയിൽ അയക്കുകയായിരുന്നു. ഭാവിയിലെ പണമിടപാടുകൾ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു സന്ദേശത്തിലെ നിർദേശം.

സ്ഥാപനത്തിന് പരിചിതമായ ഇമെയിൽ ഒപ്പും ലോഗോയും മറ്റ് വിവരങ്ങളും അതേപടി പകർത്തിയായിരുന്നു തട്ടിപ്പുകാരുടെ നീക്കം. ഇതോടെ സന്ദേശം യഥാർഥ വിതരണക്കാരിൽനിന്നുള്ളതാണെന്ന് ജീവനക്കാർ വിശ്വസിച്ചു. തുടർന്ന് കമ്പനിയുടെ അക്കൗണ്ടിങ് വിഭാഗം പണമടയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് മാറ്റി.

ഏകദേശം രണ്ട് മാസത്തോളം പുതിയ അക്കൗണ്ടിലേക്ക് പണമടച്ച ശേഷമാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. യഥാർഥ വിതരണക്കാരൻ പണം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കമ്പനി തട്ടിപ്പിന് ഇരയായതായി വ്യക്തമായത്.

36,000 ഡോളർ നഷ്ടമായതിന് പുറമെ യഥാർഥ വിതരണക്കാരന് ഇതേ തുക വീണ്ടും നൽകേണ്ട സാഹചര്യവുമാണ് കമ്പനിക്കുള്ളത്. ജീവനക്കാരുടെ ശമ്പളവും ക്രിസ്മസ് ബോണസും നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ജെഫ് ഡൈബോൾട്ട് പറഞ്ഞു.

ബാങ്കുകൾക്ക് പണം തിരിച്ചുപിടിക്കാനായില്ല

ടിഡി ബാങ്കിന്റെ ഉപഭോക്താവായ കമ്പനിയിൽ നിന്ന് തട്ടിപ്പുകാർ പണം സ്വീകരിച്ചത് സ്കോട്ടിയാബാങ്കിലുള്ള വ്യാജ ബിസിനസ് അക്കൗണ്ടിലേക്കാണ്. എന്നാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ഇരു ബാങ്കുകൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഉപഭോക്താക്കളുടെ സ്വകാര്യത കാരണം പ്രത്യേക കേസുകളെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും തട്ടിപ്പ് പരാതികൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ നിയമപാലകരുമായി സഹകരിക്കുമെന്നും ടിഡി ബാങ്ക് അറിയിച്ചു. സ്കോട്ടിയാബാങ്ക് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഇമെയിൽ മാത്രം വിശ്വസിച്ച് പണമടയ്ക്കരുത്

ബിസിനസ് ഇമെയിൽ കോംപ്രമൈസ് (Business Email Compromise) എന്നറിയപ്പെടുന്ന തട്ടിപ്പാണ് ഇവിടെ നടന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ റിതേഷ് കൊട്ടക് പറഞ്ഞു. കമ്പനികളിലെ അക്കൗണ്ടിങ് വിഭാഗങ്ങളെ ലക്ഷ്യമിട്ട് യഥാർഥ വിതരണക്കാരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്നതാണ് ഈ രീതി.

ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഇമെയിലുകൾ ലഭിച്ചാൽ ഉടൻ പണമടയ്ക്കരുതെന്നും ബന്ധപ്പെട്ട സ്ഥാപനത്തെ ഫോണിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുകയാണെന്നും ദിവസേന നിരവധി സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ടെന്നും കൊട്ടക് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ കാനഡയ്ക്കുള്ളിലാണെന്നത് മാത്രം പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും തട്ടിപ്പിന് ഇരയായ ഡൈബോൾട്ട് ചൂണ്ടിക്കാട്ടി.

നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാകാത്ത സാഹചര്യത്തിൽ ബാങ്കുകൾ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!