ഓട്ടവ: ഹിന്ദുക്കൾക്കൊപ്പമാണ് എന്നും എന്ന ഉറച്ച നിലപാടുമായി കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിൽ നടക്കുന്ന സമാന്തര രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നും പിയേർ പൊളിയേവ് പറഞ്ഞു.

വേദിക് ഹിന്ദു കൾച്ചർ സൊസൈറ്റിയാണ് കാനഡയിൽ രാമക്ഷേത്ര പരിപാടി സംഘടിപ്പിക്കുന്നത്. 2025ലെ തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയുടെ പ്രധാന എതിരാളിയാണ് പിയറേ. രാജ്യത്ത് വർധിച്ചുവരുന്ന ഹിന്ദുഫോബിയയ്‌ക്കെതിരെ പിയേർ നേരത്തെ സംസാരിച്ചിരുന്നു. ടൈംസ് നൗവിലെ ഒരു റിപ്പോർട്ട് പ്രകാരം ഈ വിഷയത്തിൽ സംസാരിച്ച ആദ്യത്തെ കനേഡിയൻ രാഷ്ട്രീയ നേതാവാണ് പിയേർ പൊളിയേവ്.
“ഹിന്ദുക്കളെയും ഹിന്ദു കനേഡിയൻമാരെയും ലക്ഷ്യമിട്ടുള്ള നശീകരണ പ്രവർത്തനങ്ങളും, മോശമായ അഭിപ്രായങ്ങളും നമ്മൾ അവസാനിപ്പിക്കണം. ഇത് തീർത്തും അസ്വീകാര്യമാണ്,” എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് പിയേർ ക്ഷേത്ര പരിപാടിയിൽ പങ്കെടുക്കുന്നത്.
താൻ കാനഡയുടെ പ്രധാനമന്ത്രിയായാൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ പിയേർ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ട്രൂഡോയെ “കഴിവില്ലാത്തവനും പ്രൊഫഷണലില്ലാത്തവനും” എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
