റിയാദ്: അടുത്ത വർഷം ആദ്യ പകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്കിയ 72 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക. 2025 ന്റെ ആദ്യപകുതിയോടെ റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഓപ്പറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ സിംഗപ്പൂര്‍ എയര്‍ഷോയോട് അനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിൽ അറിയിച്ചു.

സൗദി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള കമ്പനിയാണ് റിയാദ് എയര്‍. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ജിസിസി രാജ്യങ്ങളില്‍ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ചെറു വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. നേരത്തെ ദുബായ് എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ പുറം ഭാഗത്തെ ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും സിഇഒ ഡഗ്ലസ് അറിയിച്ചിരുന്നു.
