കാനഡയിൽ വാഹനമോഷണ കേസുകളുടെ എണ്ണം വർധിച്ചതിന് പിന്നാലെ പ്രതിരോധ നടപടികൾക്ക് 15 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ ഗവൺമെൻ്റ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ, മുനിസിപ്പൽ സേനകൾക്ക് 9.1 ദശലക്ഷം ഡോളർ ധനസഹായം അനുവദിച്ചതായി പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഡൊമിനിക് ലെബ്ലാ, ട്രാൻസ്‌പോർട്ടേഷൻ മിനിസ്റ്റർ പാബ്ലോ റോഡ്രിഗസ്, മൺട്രിയോൾ പൊലീസ് മേധാവി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഇൻറർപോളിൻ്റെ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാനും വിവരങ്ങൾ പങ്കിടാനും 3.5 ദശലക്ഷം ഡോളറാണ് ഫെഡറൽ ഗവൺമെൻ്റ് അനുവദിച്ചിരിക്കുന്നത്. ഗവൺമെൻ്റിൻ്റെ ആഭ്യന്തര, അന്തർദേശീയ പങ്കാളികളെ പിന്തുണയ്ക്കുന്നതിനായി 2.4 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു.
