ബ്രാംപ്ടണ്‍: നഗരത്തിൽ രണ്ട് ലൈംഗികാതിക്രമ കേസിലുൾപ്പെട്ട പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പീൽ പൊലീസ്. സെപ്റ്റംബർ 2 നാണ് സ്റ്റീൽസ് അവന്യൂ വെസ്റ്റിന്റെയും മക്ലോഗ്ലിൻ ബൊളിവാർഡിന്റെയും സമീപത്ത് ആദ്യ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ സംഭവം സെപ്റ്റംബർ 22 ന് മക്ലോഗ്ലിൻ റോഡിന്റെയും റേ ലോസൺ ബൊളിവാർഡിന്റെയും പരിസര പ്രദേശത്താണ് നടന്നത്. പത്തൊൻപത് വയസ്സ് പ്രായം വരുന്ന പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

ഇരകൾക്ക് ചെറിയ ശാരീരിക പരുക്കുകൾ ഉണ്ടായിരുന്നു. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഇരുണ്ട വസ്ത്രം ധരിച്ച ഏകദേശം അഞ്ച് അടി എട്ട് ഇഞ്ച് ഉയരം വരുന്ന മെലിഞ്ഞ പുരുഷനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
