മൺട്രിയോൾ: കസ്റ്റംസ് തീരുവ കെട്ടാതെ ആഡംബര വാച്ച് ഇറക്കുമതി ചെയ്തതിന് മൺട്രിയോളിലെ ബിസിനസ്സ് ഉടമയ്ക്ക് കനത്ത പിഴ ചുമത്തി ഫെഡറൽ കോടതി. ഡേവിഡ് സെഗാൾ ബ്ലൂയിൻ രണ്ട് വർഷം മുമ്പ് 115,000 ഡോളർ നൽകി വാങ്ങിയ വാച്ചിന് 35,000 ഡോളർ പിഴയും 11,400 ഡോളർ കെബെക്ക് വിൽപ്പന നികുതിയും നൽകണമെന്ന് ജസ്റ്റിസ് സെബാസ്റ്റ്യൻ ഗ്രാമണ്ട് ചൊവ്വാഴ്ച വിധിച്ചു. 2022 ഓഗസ്റ്റിലാണ് ഫിലഡൽഫിയയിൽ നിന്ന് ഇയാൾ ആഡംബര എ. ലാങ് & സോഹ്നെ വാച്ച് വാങ്ങിയത്. എന്നാൽ മൺട്രിയോളിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇത് കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തിയില്ല.
ഡ്യൂട്ടി നൽകുമെന്ന് അവകാശപ്പെട്ട് 6 ഡോളർ വില വരുന്ന ശൂന്യമായ വാച്ച് ബോക്സ് ബ്ലൂയിൻ കാനഡയിലേക്ക് അയച്ചിരുന്നു. എന്നാൽ ഇതിൽ കസ്റ്റംസ് ഏജന്റുമാർ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെ കേസ് കൂടുതൽ സങ്കീർണമായി. ഇതേതുടർന്ന് ബ്ലൂയിൻ 34,650 ഡോളറോ അല്ലെങ്കിൽ വാച്ചിൻ്റെ വിലയുടെ 30 ശതമാനമോ പിഴ കെട്ടണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ, തന്റെ ഭാഗത്ത് തെറ്റില്ലെന്നും കസ്റ്റംസ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ബ്ലൂയിൻ കോടതിയിൽ വാദിച്ചു. അതേസമയം, ഇയാളുടെ പ്രവൃത്തി ന്യായീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജി ഗ്രാമ്മണ്ട് ചൂണ്ടിക്കാട്ടി. കേസിൽ പിഴയൊടുക്കുന്നതിനോടൊപ്പം വിൽപ്പന നികുതി, അധിക നിയമ ഫീസ് എന്നിവയും ബ്ലൂയിൻ നൽകണം.
