ഓട്ടവ : ഇ.കോളി അണുബാധ സാധ്യതയെ തുടർന്ന് വിവിധ ബ്രാൻഡുകളുടെ ക്യാരറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. തിരിച്ചു വിളിച്ച കാരറ്റ് ജ്യൂസും കാരറ്റും ഓഗസ്റ്റ് 14-നും നവംബർ 2 നും ഇടയിൽ വിറ്റഴിച്ചതാണെന്നും CFIA പറയുന്നു. കോംപ്ലിമെൻ്റ്സ് ഓർഗാനിക്, പിസി ഓർഗാനിക്സ്, കാൽ-ഓർഗാനിക്, ബണ്ണി-ലവ് എന്നീ ബ്രാൻഡുകളിലെ കാരറ്റ് ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാനഡയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും റീട്ടെയിൽ കേന്ദ്രങ്ങളിൽ വിതരണം ചെയ്ത ഓർഗാനിക് ക്യാരറ്റുമായി ബന്ധപ്പെട്ട ഇ.കോളി അണുബാധ മൂലം ഒരാൾ മരിക്കുകയും 39 പേർ രോഗബാധിതരാകുകയും ചെയ്തിരുന്നു. രോഗബാധിതരായ ആളുകളുമായോ മൃഗങ്ങളുമായോ മലിനമായ പ്രതലങ്ങളുമായോ ഭക്ഷണങ്ങളുമായോ ദ്രാവകങ്ങളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെ പകരുന്ന ഇ-കോളി ബാക്ടീരിയ മൂലമാണ് ഇ കോളി അണുബാധ ഉണ്ടാകുന്നത്. ചെറിയ കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധയ്ക്ക് കാരണമാകും.
കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീൽഡ് ആസ്ഥാനമായുള്ള ഗ്രിംവേ ഫാംസിലെ ചില ഓർഗാനിക് കാരറ്റ് ഉൽപന്നങ്ങൾ യുഎസിൽ തിരിച്ചു വിളിച്ചതോടെയാണ് കാനഡയിലും ഈ ഉൽപ്പന്നങ്ങളുടെ തിരിച്ചുവിളിക്ക് കാരണമായതെന്ന് CFIA അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഗ്രിംവേ ഫാമിൽ നിന്നുള്ളതാണ് ബാധിച്ച എല്ലാ കനേഡിയൻ ബ്രാൻഡുകളുമെന്ന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു.