വൻകൂവർ : കാട്ടുതീ പടർന്നതോടെ നിർത്തിവെച്ച സർവീസ് പുനഃരാരംഭിച്ചതായി കെലോവ്ന എയർപോർട്ട് അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച വീലൻ ക്രീക്ക് കാട്ടുതീ നിലവിൽ നിയന്ത്രണത്തിലാണെന്ന് ബിസി വൈൽഡ്ഫയർ സർവീസ് അറിയിച്ചു. ഇതോടെ ചില വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പിന്നിലെ കുന്നിൻ മുകളിലാണ് കാട്ടുതീ ആരംഭിച്ചത്. തീ പെട്ടെന്ന് പടർന്നു, വീടുകൾക്ക് സമീപം എത്തി. തിങ്കളാഴ്ച പുലർച്ചെ വരെ കാട്ടുതീയിൽ 4.3 ഹെക്ടർ കത്തിനശിച്ചു. ഇതോടെ വ്യോമാതിർത്തി മണിക്കൂറുകളോളം അടയ്ക്കുകയും നിരവധി വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.

കാട്ടുതീ കാരണം റോക്ക്ഫേസ് റോഡിലെയും ഡെഡ് പൈൻ ഡ്രൈവിലെയും ഏഴ് പ്രോപ്പർട്ടികൾ ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ മറ്റൊരു 106 സ്ഥലങ്ങൾ ഒഴിപ്പിക്കൽ മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം തീ ആകസ്മികമായി ഉണ്ടായതാണോ അതോ മനഃപൂർവ്വം ഉണ്ടായതാണോ എന്ന് വ്യക്തമല്ല.
