ഓട്ടവ : കാനഡയിൽ നിങ്ങൾക്കൊരു ജീവൻ രക്ഷാ ശസ്ത്രക്രിയ ആവശ്യമാണോ? എന്നാൽ, ജനങ്ങൾക്കു ഇതൊരു പേടിസ്വപ്നമായിരിക്കും. നഴ്സുമാരുടെയും ഡോക്ടർമാരുടെയും ക്ഷാമം കാരണം ശസ്ത്രക്രിയയ്ക്കായി നിങ്ങൾ ആറ് മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടി വരും. അതേസമയം രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഫെഡറൽ സർക്കാർ വാഗ്ദാനം ചെയ്ത ഇമിഗ്രേഷൻ സംവിധാനം ഉപയോഗശൂന്യമായി തുടരുകയാണ്.
രാജ്യത്തുടനീളം നഴ്സുമാരുടെയും ഡോക്ടർമാരുടെയും ദൗർലഭ്യവും ചികിത്സയ്ക്കായി കാത്തിരിക്കുകയും മരിക്കുകയും ചെയ്യുന്ന രോഗികളുടെ എണ്ണം ഉയരുകയാണ്. ഇതിനൊരു പരിഹാരമായി ഫെഡറൽ സർക്കാർ അവതരിപ്പിച്ച ഹെൽത്ത്കെയർ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു.

കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) പ്രകാരം, 2022-ൽ, കനേഡിയൻ ഹെൽത്ത് കെയർ സെക്ടർ 143,695 ജോലി ഒഴിവുകൾ (6% ഒഴിവ് നിരക്ക്) റിപ്പോർട്ട് ചെയ്തു. 2024-ലെ റിപ്പോർട്ട് പ്രകാരം ഒൻ്റാരിയോയിൽ മാത്രം 50,853 പേർസണൽ സപ്പോർട്ട് വർക്കർമാർക്കൊപ്പം 2032-ഓടെ 33,200 പേർ കൂടി വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നത്. 2022-ഓടെ ദേശീയതലത്തിൽ 60,000 നഴ്സുമാരുടെ കുറവുണ്ടാകുമെന്നും 2030 ഓടെ ഇത് 117,000 ആയി ഉയരുമെന്നും പിഎംസി റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇതിനെല്ലാം ഒരു പരിഹാരം കാനഡയ്ക്കുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഹെൽത്ത്കെയർ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പുകളോടെ നവീകരിച്ച എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ 2023-ൽ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആരംഭിച്ചത്. ജനറൽ പ്രാക്ടീഷണർമാർ (NOC 3011), രജിസ്റ്റർ ചെയ്ത നഴ്സുമാർ (NOC 3211), പാരാമെഡിക്കുകൾ (NOC 3233) എന്നിങ്ങനെ 35 ഹെൽത്ത് കെയർ തസ്തികകളിലേക്ക് കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ ചെയ്യാൻ ഈ നറുക്കെടുപ്പുകൾ ഉപയോഗിക്കുന്നു.

2023 ജൂൺ 28-ന് നടന്ന ആദ്യത്തെ ഹെൽത്ത് കെയർ-സ്പെസിഫിക് നറുക്കെടുപ്പിൽ, 476 എന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോറിൽ 500 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. നിലവിൽ ഈ പ്രോഗ്രാം വഴി ഏകദേശം 15,850 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ആരോഗ്യമേഖലയുടെ പ്രതിസന്ധിക്ക് പരിഹാരം കൂടുതൽ ഹെൽത്ത് കെയർ-സ്പെസിഫിക് നറുക്കെടുപ്പുകൾ മാത്രമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
