ഓട്ടവ : യുഎസ് താരിഫുകൾ നിലനിൽക്കുകയാണെങ്കിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഈ വർഷം തന്നെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ. യുഎസ് താരിഫിനെതിരെ കാനഡ പ്രതികാര താരിഫുകൾ ഏർപ്പെടുത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ചൊവ്വാഴ്ച രാവിലെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 25% താരിഫ് ചുമത്തിയതിന് പിന്നാലെ ഉടനടി പ്രതികാര നടപടികളുമായി കാനഡ രംഗത്ത് എത്തിയിട്ടുണ്ട്. 3000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. കൂടാതെ 21 ദിവസത്തിനുള്ളിൽ 12,500 കോടി ഡോളർ യുഎസ് ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി താരിഫ് വിപുലീകരിക്കും.

വ്യാപാര യുദ്ധം അർത്ഥമാക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് വരാൻ പോകുന്നു എന്നതാണെന്ന് RSM കാനഡ സാമ്പത്തിക വിദഗ്ധൻ എൻഗുയെൻ പറയുന്നു. ഉൽപ്പാദനം, ഊർജം, ഭക്ഷ്യ മേഖലകളെ ഉടനടി ബാധിക്കും. എന്നാൽ, ഒരു മേഖലയും ഒഴിവാക്കപ്പെടില്ലെന്നും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. കോവിഡ് മഹാമാരിയിൽ നിന്നും വ്യത്യസ്തമായി, താരിഫുകളിൽ നിന്നും കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ആഘാതം വരും വർഷങ്ങളിലും നിലനിൽക്കുമെന്നും എൻഗുയെൻ അറിയിച്ചു. വിദേശ വിനിമയ വിപണി അസ്ഥിരമായി തുടരുമെന്നും കനേഡിയൻ ഡോളർ അടുത്ത ഏതാനും മാസങ്ങളിൽ താഴ്ന്ന നിലയിലായിരിക്കുമെന്നും അവർ പറഞ്ഞു.