ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രീമിയർ റോബ് ലാൻ്റ്സ് രാജിവച്ചു. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാണ് രാജി. ഡെന്നിസ് കിങ് സ്ഥാനമൊഴിഞ്ഞതിനുശേഷം പാർട്ടിയുടെ ഇടക്കാല നേതാവായി റോബ് ലാൻ്റ്സിനെ തിരഞ്ഞെടുത്തിരുന്നു. 2019 മുതൽ പ്രീമിയറായിരുന്ന ഡെന്നിസ് കിങിന്‍റെ കീഴിൽ വിദ്യാഭ്യാസ മന്ത്രിയായി ലാൻ്റ്സ് സേവനമനുഷ്ഠിച്ചിരുന്നു.

പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ ഭരണഘടന പ്രകാരം നേതൃത്വ കൺവെൻഷൻ വിളിച്ച് 10 ദിവസത്തിനുള്ളിൽ രാജിവച്ചാൽ ഇടക്കാല നേതാവിന് പാർട്ടി ലീഡറായി തിരഞ്ഞെടുക്കാം. ഫെബ്രുവരി 7-ന് നേതൃത്വ കൺവെൻഷൻ നടക്കുമെന്ന് പാർട്ടി ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. റോബ് ലാൻ്റ്സിന്‍റെ രാജിയെ തുടർന്ന് ബ്ലോയ്‌സ് തോംസണെ ഇടക്കാല നേതാവായി കോക്കസും പാർട്ടി എക്‌സിക്യൂട്ടീവും തിരഞ്ഞെടുത്തതായി പാർട്ടി പ്രസിഡൻ്റ് സിഡ്‌നി ഗാലൻ്റ് പ്രസ്താവനയിൽ അറിയിച്ചു. കൺവെൻഷനിൽ ഒരു സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ തോംസൺ ഇടക്കാല നേതാവായി പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
