ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം സർവീസ് മെച്ചപ്പെടുത്തുന്നതിനായി പുതിയ മാറ്റങ്ങൾക്കൊരുങ്ങി GO ട്രാൻസിറ്റ്. തിങ്കളാഴ്ച മുതൽ ലേക്ഷോർ വെസ്റ്റ് ലൈനിൽ വൈകുന്നേരങ്ങളിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ തിങ്കൾ മുതൽ വ്യാഴം വരെ പ്രവർത്തിക്കില്ല. പകരം GO ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുമെന്ന് മെട്രോലിങ്ക്സ് അറിയിച്ചു. ലോങ് ബ്രാഞ്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ട്രെയിനുകൾ സർവീസ് താൽകാലികമായി നിർത്തുന്നത്.

അതേസമയം ലേക്ഷോർ വെസ്റ്റ് ലൈനിലെ സർവീസുകൾ നിലവിലെ ഷെഡ്യൂളിനെക്കാൾ ആറ് മിനിറ്റ് നേരത്തെയോ, ആറ് മിനിറ്റ് വൈകിയോ റീഷെഡ്യൂൾ ചെയ്യാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ട്രെയിൻ സർവീസുകളുടെ സമയം കൃത്യമായി പരിശോധിക്കണമെന്നും GO ട്രാൻസിറ്റ് ഉദ്യോഗസ്ഥർ നിർദേശിച്ചു.

തിങ്കളാഴ്ച മുതൽ, ലേക്ഷോർ ഈസ്റ്റ് ലൈനിൽ രാവിലെ ഒരു പുതിയ ട്രെയിൻ കൂടി സർവീസ് നടത്തും. ട്രെയിൻ വിറ്റ്ബി ഗോയിൽ നിന്ന് രാവിലെ 7:35-ന് പുറപ്പെടും. കൂടാതെ മാൾട്ടൺ/ബ്രമാലിയ്ക്കും യൂണിയൻ സ്റ്റേഷനും ഇടയിൽ ആറ് പുതിയ ട്രെയിനുകൾ കൂടി ചേർക്കുമെന്ന് മെട്രോലിങ്ക്സ് പറയുന്നു. സ്റ്റൗഫ്വിൽ ലൈനിലെ ചില സർവീസുകൾ 12 മിനിറ്റ് നേരത്തെയോ, താമസിച്ചോ പുറപ്പെടും. റിച്ച്മണ്ട് ഹിൽ ലൈനിലെ ചില യാത്രകൾ രണ്ട് മിനിറ്റ് നേരത്തെയോ, താമസിച്ചോ പുറപ്പെടും. വേനൽക്കാലം ആരംഭിക്കുന്നതോടെ നിരവധി പുതിയ GO ബസ് റൂട്ടുകളും ചേർക്കാൻ പദ്ധതിയിടുന്നതായി ട്രാൻസിറ്റ് ഏജൻസി പറഞ്ഞു.
