ഇകാലുവിറ്റ് : ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ നൂനവൂട്ട് റൈഡിങ്ങിൽ നിന്നും ലിബറൽ സ്ഥാനാർത്ഥി കിലിക്വാക് കബ്ലൂണയെ പരാജയപ്പെടുത്തി എൻഡിപി സ്ഥാനാർത്ഥി ലോറി ഇഡ്ലൗട്ട് വിജയിച്ചതായി ഇലക്ഷൻസ് കാനഡ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് രാത്രിയിൽ ലോറി ഇഡ്ലൗട്ട് 77 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടന്ന റീ കൗണ്ടിങ്ങിൽ ആ ഭൂരിപക്ഷം 41 വോട്ടായി കുറഞ്ഞതായി ഇലക്ഷൻസ് കാനഡ റിപ്പോർട്ട് ചെയ്തു.

ഹിമപാതം കാരണം നൗജാത്ത് കമ്മ്യൂണിറ്റിയിൽ നിന്നുള്ള ബാലറ്റ് പെട്ടി വൈകിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടാഴ്ച എടുത്തതോടെയാണ് ഈ കാലതാമസം നേരിട്ടതെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. നിലവിലെ നില അനുസരിച്ച്, ഹൗസ് ഓഫ് കോമൺസിൽ 170 എംപിമാരുള്ള ലിബറലുകൾക്ക് ഭൂരിപക്ഷ സർക്കാരിന് രണ്ട് സീറ്റുകൾ കുറവാണ്. അതേസമയം കൺസർവേറ്റീവുകൾക്ക് 143 സീറ്റുകളും ബ്ലോക്ക് കെബെക്ക്വസിന് 22 സീറ്റുകളും എൻഡിപിക്ക് ഏഴ് സീറ്റുകളും ഗ്രീൻ പാർട്ടിക്ക് ഒരു സീറ്റും ഉണ്ട്.