ഓട്ടവ : കാനഡയിലെ ഏറ്റവും പഴയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ ശൃംഖലയായ ഹഡ്സൺസ് ബേയ്ക്ക് പുതിയ ഉടമസ്ഥാവകാശം. സ്പോർട്ചെക്ക്, പാർട്ടി സിറ്റി, മാർക്ക്സ്, പ്രോ ഹോക്കി ലൈഫ് എന്നിവയുടെ ഉടമസ്ഥതയിലുള്ള കനേഡിയൻ ടയറാണ് 3 കോടി ഡോളറിന് ഹഡ്സൺ ബേ കമ്പനിയുടെ ബ്രാൻഡ് സ്വന്തമാക്കിയത്. ഹഡ്സൺസ് ബേ ബ്രാൻഡ്, മൾട്ടികളർ സ്ട്രൈപ്പ് മോട്ടിഫ്, കോട്ട് ഓഫ് ആംസ്, മറ്റ് ബ്രാൻഡ് ട്രേഡ്മാർക്കുകൾ എന്നിവ വിൽപ്പനയിൽ ഉൾപ്പെടുന്നു. കരാർ പ്രകാരം ഹഡ്സൺസ് ബേയുടെ പേരുകളിലുള്ള ഉൽപ്പന്നങ്ങൾ ഇനിമുതൽ കനേഡിയൻ ടയർ സ്റ്റോറുകളിൽ ലഭ്യമാകും.

കോവിഡ് മഹാമാരിക്ക് ശേഷം റീട്ടെയിൽ വ്യാപാര രംഗത്തുണ്ടായ മാറ്റങ്ങളും യുഎസ് താരിഫ് മൂലമുള്ള അനിശ്ചിതത്വങ്ങളും കാരണം തങ്ങളുടെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാനും ശേഷിക്കുന്ന ആസ്തികൾ വിൽക്കാനും ഹഡ്സൺസ് ബേ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തുടനീളം ആയിരത്തി എഴുന്നൂറോളം ഷോപ്പുകളുള്ള കനേഡിയൻ ടയർ ഹഡ്സൺ ബേയെ ഏറ്റെടുക്കാൻ തീരുമാനിച്ചത്.