എഡ്മിന്റൻ : കാട്ടുതീ പുക വ്യാപിച്ചതോടെ എഡ്മിന്റൻ, സെൻ്റ് ആൽബർട്ട്, ഷെർവുഡ് പാർക്ക് എന്നിവിടങ്ങളിൽ വായുഗുണനിലവാരം മോശമായതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. എന്നാൽ രാത്രിയിൽ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാട്ടുതീയിൽ നിന്നുള്ള പുക വായുമലിനീകരണം രൂക്ഷമാകുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നു.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.