ബെംഗളൂരു: ലോകത്ത് എവിടെയും മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് രക്തഗ്രൂപ്പ് കണ്ടെത്തിയത്. കോലാറിലെ ഒരു ആശുപത്രിയില്‍ ഇവരെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്.
O Rh+ രക്തഗ്രൂപ്പ് ആയിരുന്നു ഇവരുടേത്. എന്നാല്‍ ഒരു രക്ത സാമ്പിളുകളോടും പൊരുത്തപ്പെടാതെ വന്നതോടെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രി റോട്ടറി ബെംഗളൂരു ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാന്‍സ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറന്‍സ് ലബോറട്ടറിയിലേക്ക് രക്തം കൈമാറുകയായിരുന്നു. സ്ത്രീയുടെ 20 ഓളം ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒരു രക്തഗ്രൂപ്പും പെരുത്തപ്പെട്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഇവരുടെ രക്തം പാന്റിയാക്ടീവ് ആണെന്ന് കണ്ടെത്തിയത്. അപൂര്‍വ്വ വിഭാഗത്തില്‍ പെട്ടതോ പുതിയതോ ആയ രക്തഗ്രൂപ്പ് ആണെങ്കിലെ ഇത് സംഭവിക്കൂ.

അതേസമയം രോഗിയുടെയും കുടുംബത്തിന്റെയും രക്തസാമ്പിളുകള്‍ യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് (IBGRL) വിശദപരിശോധനയ്ക്കായി അയച്ചു. പത്ത് മാസം നീണ്ട വിപുലമായ ഗവേഷണത്തിലൂടെയും തന്മാത്രാ പരിശോധനയിലൂടെയുമാണ് ഇത് പുതിയ തരം രക്തഗ്രൂപ്പ് ആന്റിജനാണെന്ന് കണ്ടെത്തിയതെന്ന് റോട്ടറി ബാംഗ്ലൂര്‍ ടിടികെ ബ്ലഡ് ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂര്‍ പറഞ്ഞു. ക്രിബ് (CRIB) ആന്റിജന്‍ രക്തഗ്രൂപ്പില്‍ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീ.
