എഡ്മിന്‍റൻ : ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE)-ൻ്റെ കീഴിലുള്ള നഴ്സിങ് കെയർ ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു. യൂണിയൻ അംഗങ്ങളിൽ 98% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാർ, ഹെൽത്ത് കെയർ എയ്ഡുകൾ എന്നിവർ ഉൾപ്പെടെ പതിനാറായിരത്തോളം അംഗങ്ങളാണ് പണിമുടക്കിന് ഒരുങ്ങുന്നത്.

വേതന വർധന, ജോലി സുരക്ഷിതത്വം, പൊതുജനാരോഗ്യ സംവിധാനം നേരിടുന്ന വെല്ലുവിളികൾ എന്നിവയിൽ ജീവനക്കാർ അസംതൃപ്തരാണെന്ന് AUPE പ്രസിഡൻ്റ് സാന്ദ്ര അസോകർ പറഞ്ഞു. ശമ്പള വർധന, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ആവശ്യപ്പെട്ടാണ് യൂണിയൻ പണിമുടക്കുന്നത്. ആൽബർട്ട ഹെൽത്ത് സർവ്വീസസുമായി ചർച്ച പുനഃരാരംഭിക്കുമെന്നും എന്നാൽ, സർക്കാരുമായി കരാറിലെത്തിയില്ലെങ്കിൽ നവംബർ 17 മുതൽ പണിമുടക്ക് ആരംഭിക്കുമെന്നും സാന്ദ്ര അസോകർ അറിയിച്ചു.
