Thursday, May 14, 2026

കുടിയേറ്റ നയ മാറ്റം: കാനഡയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

ഓട്ടവ : കുടിയേറ്റ നിലവാരം കുറയ്ക്കാനുള്ള ഫെഡറൽ സർക്കാരിന്‍റെ തീരുമാനം കാനഡയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. അടുത്ത മൂന്നു വർഷത്തിനുള്ളിൽ സ്ഥിര, താൽക്കാലിക താമസക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ ലിബറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണം കുറയ്ക്കുന്നതിലൂടെ അടുത്ത രണ്ട് വർഷത്തേക്ക് കാനഡയുടെ ജനസംഖ്യ വർധനയെ തടയുമെങ്കിലും സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്സിലെ ഡെപ്യൂട്ടി ചീഫ് നോർത്ത് അമേരിക്ക സാമ്പത്തിക വിദഗ്ദ്ധനായ സ്റ്റീഫൻ ബ്രൗൺ പറയുന്നു.

നിലവിലുള്ള താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും ഒഴുക്ക് വരുമാന നഷ്ടത്തെ പൂർണ്ണമായും നികത്താൻ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ തൊഴിലാളികളുടെ എണ്ണവും ദീർഘകാലമായി നിലനിൽക്കുന്ന ഉൽപ്പാദനക്ഷമതാ പ്രശ്‌നവും രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും ബ്രൗൺ അറിയിച്ചു. രാജ്യത്തേക്ക് വരുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും എണ്ണം കുറയ്ക്കുന്നത് കനേഡിയൻ യുവാക്കൾക്കിടയിൽ ജോലികൾക്കായുള്ള മത്സരം പരിമിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദേശ സ്റ്റഡി പെർമിറ്റുകളിലെ കുറവ് വിദ്യാർത്ഥി ജനസംഖ്യ കൂടുതലുള്ള നഗരങ്ങളിലെ വാടക നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് ആർ‌ബി‌സി സാമ്പത്തിക വിദഗ്ധ റേച്ചൽ ബറ്റാഗ്ലിയ പറഞ്ഞു. എന്നാൽ ഇതിനൊരു മറുവശമുണ്ടെന്ന് ബ്രൗൺ പറയുന്നു. ജനസംഖ്യാ വളർച്ച കുറയുന്ന സാഹചര്യത്തിൽ, പുതിയ വാടക അപ്പാർട്ടുമെൻ്റുകൾ നിർമ്മിക്കുന്നതിൽ നിന്നും ഡെവലപ്പർമാർ പിന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ ഇമിഗ്രേഷൻ പ്ലാൻ പ്രകാരം 2026 ലെ താൽക്കാലിക താമസക്കാരുടെ എണ്ണം 2025 ലെ 673,650 ൽ നിന്ന് 43% കുറച്ചുകൊണ്ട് 385,000 ആക്കും. 2026-ൽ കാനഡയിൽ പ്രവേശിപ്പിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 2025 ലെ 305,900-ൽ നിന്ന് 49% കുറഞ്ഞ് 155,000 ആയിരിക്കും. താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശന ലക്ഷ്യം 230,000 ആയിരിക്കും – 2025 ലെ ലക്ഷ്യമായ 367,750 ൽ നിന്ന് 37% കുറവ്, എന്നാൽ കഴിഞ്ഞ വർഷത്തെ ഇമിഗ്രേഷൻ ലെവൽസ് പ്ലാനിലെ 210,700 എന്ന 2026-ലെ ലക്ഷ്യത്തിൽ നിന്ന് 8% വർധനയും താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനത്തിൽ ഉണ്ടായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!