ഓട്ടവ : അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനെ ആവേശത്തോടെ കാത്തിരിക്കുകയാണ് കാനഡ. ലോകകപ്പിന്‍റെ ഭാഗമാകാൻ യുവ കനേഡിയൻ ഫുട്ബോൾ പ്രേമികൾക്ക് അസുലഭ അവസരം ഒരുക്കുകയാണ് ഫിഫയും ഒപ്പം ഔദ്യോഗിക പങ്കാളികളായ കിയയും. ഔദ്യോഗിക മാച്ച് ബോൾ കാരിയേഴ്‌സ് (OMBCs) ആകാൻ യുവ കാനഡക്കാരെ തിരയുകയാണ് കിയ. ഇതിനായുള്ള ‘കിയ ഇൻസ്പയറിങ് സ്റ്റോറീസ്’ മത്സരം ആരംഭിച്ചു. ആകെ 13 കുട്ടികൾക്ക് അവസരം ലഭിക്കുമ്പോൾ അതിൽ ആറ് പേരെയാണ് കിയ തിരഞ്ഞെടുക്കുന്നത്.

മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ കുട്ടികളെ ‘കിയ ഇൻസ്പയറിങ് സ്റ്റോറീസ്’ മത്സരത്തിൽ പങ്കെടുക്കാൻ നവംബർ 24 മുതൽ നവംബർ 30 വരെ നാമനിർദ്ദേശം ചെയ്യാം. 2011 ജൂൺ മുതൽ 2016 ജൂലൈ വരെ ജനിച്ച കുട്ടികൾക്കാണ് യോഗ്യത. കുട്ടിയുടെ കഥയും ഫുട്ബോൾ സ്നേഹവും സ്വന്തം വാക്കുകളിൽ വിവരിക്കുന്ന ഒരു രണ്ട് മിനിറ്റ് വരെയുള്ള വിഡിയോ നോമിനേഷനിൽ ഉൾപ്പെടുത്തണം. താൽപ്പര്യമുള്ളവർക്ക് കിയ ഇൻസ്പയറിങ് സ്റ്റോറീസ് മത്സരത്തിന്‍റെ വെബ്സൈറ്റ് വഴി നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. വിജയികളെ കിയ ഓൺലൈൻ വഴി ബന്ധപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ആറ് ഭാഗ്യശാലികൾക്ക് ഫിഫ ലോകകപ്പ് 26-ൽ ഔദ്യോഗിക മാച്ച് ബോൾ കാരിയർ എന്ന നിലയിൽ പങ്കെടുക്കാം.
