Monday, March 23, 2026

അതിശൈത്യവും കൊടുങ്കാറ്റും; കാനഡയിലെ 10 പ്രവിശ്യകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ഓട്ടവ: ശൈത്യകാലം ശക്തമാകുന്നതിൻ്റെ സൂചനയുമായി കാനഡയിൽ ഉള്ള പത്ത് പ്രവിശ്യകളിലും ടെറിട്ടറികളിലുമായി എൻവയേൺമെൻ്റ്‌ കാനഡയുടെ മുന്നറിയിപ്പ്‌. ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച, അതിശൈത്യം, മഞ്ഞുകാറ്റ്, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവയുണ്ടാകും. കിഴക്കൻ തീരം മുതൽ പടിഞ്ഞാറൻ തീരം വരെ കാലാവസ്ഥാ മാറ്റങ്ങൾ ദൃശ്യമായി. പടിഞ്ഞാറൻ കാനഡയിലെ പ്രവിശ്യകളിലാണ് ഏറ്റവും തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത്, സൗത്ത് പീസ് റിവർ എന്നിവിടങ്ങളിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കൂടാതെ, ചില്ലിവാക്ക്, ഹോപ്പ്, അബോട്ട്സ്ഫോർഡ് എന്നിവ ഉൾപ്പെടുന്ന ഫ്രേസർ വാലിയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയെ തുടർന്ന് ഹൈവേകൾ ഒറ്റപ്പെടുകയും യു.എസ്. അതിർത്തി കടന്ന് അബോട്ട്സ്ഫോർഡിലേക്ക് വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഈ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. വടക്കൻ തീരങ്ങളായ കിറ്റിമാറ്റ്, ടെറസ് എന്നിവിടങ്ങളിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ നിലവിലുണ്ട്; ഇവിടെ 30 മുതൽ 40 സെന്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു. പ്രിൻസ് ജോർജിൽ തണുത്തുറഞ്ഞ മഴയ്ക്കും സാധ്യതയുണ്ട്.

അതിശൈത്യത്തിന്റെ പിടിയിലാണ് മധ്യ കാനഡയിലെ പ്രവിശ്യകളും ടെറിട്ടറികളും. ആൽബർട്ടയുടെ വടക്കൻ ഭാഗങ്ങളിൽ 70-ൽ അധികം അതിശൈത്യ മുന്നറിയിപ്പുകൾ നിലനിൽക്കുന്നു. താപനില മൈനസ് 40 ഡിഗ്രിക്ക് അടുത്തോ താഴെയോ എത്താൻ സാധ്യതയുണ്ട്. മാനിറ്റോബയിലെ വിന്നിപെഗ്, ബ്രാൻഡൻ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലും അതിശൈത്യ മുന്നറിയിപ്പുണ്ട്; കാറ്റിന്റെ തണുപ്പ് മൈനസ് 40-ൽ താഴെ എത്തിയേക്കാം. വടക്കൻ പ്രദേശങ്ങളായ നോർത്ത് വെസ്റ്റ് ടെറിട്ടറീസിൽ മഞ്ഞുകാറ്റ് മുന്നറിയിപ്പുകളാണ് നൽകിയിട്ടുള്ളത്. യൂക്കോണിൽ, കാറ്റിന്റെ തണുപ്പ് മൈനസ് 50 മുതൽ മൈനസ് 55 വരെ താഴാൻ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. കിഴക്കൻ പ്രവിശ്യകളിലും കടുത്ത ശൈത്യകാലസാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഒന്റാരിയോയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ സ്നോ സ്ക്വാൾ മുന്നറിയിപ്പുകളുണ്ട്‌. ഇവിടെ 20 മുതൽ 40 സെന്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. കെബെക്കിൽ, ഇലെസ്-ഡി-ലാ-മാഡെലെയിനിൽ ശക്തമായ കാറ്റിനൊപ്പം 15 സെന്റീമീറ്റർ വരെ മഞ്ഞുമുണ്ടാകും. നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിൽ 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 70 മുതൽ 80 കി.മീ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കുന്നു.

ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലൊന്നായ ന്യൂഫിൻലാൻഡ് ആൻഡ് ലാബ്രഡോറിൽ വടക്കുകിഴക്കൻ, മധ്യമേഖലകളിലും പടിഞ്ഞാറൻ ഭാഗങ്ങളിലും 20 മുതൽ 40 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകും. കടുത്ത കാറ്റും ഇവിടെയുണ്ട്‌. വ്യാപകമായ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അത്യാവശ്യ യാത്രകൾ ഒഴിവാക്കാനും, മതിയായ മുൻകരുതലുകൾ എടുക്കാനും, പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കാനും എൻവയേൺമെൻ്റ്‌ കാനഡ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!