വാഷിങ്ടണ്‍: അമേരിക്കയില്‍ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുന്നു. കഞ്ചാവിനെ കുറഞ്ഞ അപകടസാധ്യതയുള്ള ലഹരിവസ്തുവായി പുനര്‍വര്‍ഗ്ഗീകരിക്കാനാണ് ഭരണകൂടത്തിന്റെ ആലോചന. ഇത് ഔഷധ ഗവേഷണങ്ങള്‍ക്കും മെഡിക്കല്‍ മേഖലയിലെ മറ്റ് വിപുലമായ ഉപയോഗങ്ങള്‍ക്കും വഴിതുറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
നിലവില്‍ അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം ‘ഷെഡ്യൂള്‍ 1’ (Schedule I) വിഭാഗത്തിലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹെറോയിന്‍, എല്‍.എസ്.ഡി എന്നിവയോടൊപ്പമാണ് കഞ്ചാവും നിലവില്‍ ഈ പട്ടികയിലുള്ളത്. മാരകമായ ദുരുപയോഗ സാധ്യതയുള്ളതും ഔഷധ മൂല്യമില്ലാത്തതുമായ ലഹരിവസ്തുക്കളാണ് സാധാരണയായി ഷെഡ്യൂള്‍ 1-ല്‍ ഉള്‍പ്പെടാറുള്ളത്. ഈ പട്ടികയില്‍ നിന്ന് കഞ്ചാവിനെ മാറ്റുന്നതിലൂടെ നിലവില്‍ ഗവേഷകര്‍ നേരിടുന്ന പല നിയമതടസ്സങ്ങളും നീങ്ങും.

വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കഞ്ചാവിനെ ‘ഷെഡ്യൂള്‍ 3’ (Schedule III) വിഭാഗത്തിലേക്ക് മാറ്റാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. കെറ്റാമിന്‍, അനാബോളിക് സ്റ്റിറോയിഡുകള്‍ എന്നിവ ഈ വിഭാഗത്തിലാണ് വരുന്നത്. ഇവയ്ക്ക് കുറഞ്ഞ ദുരുപയോഗ സാധ്യതയും അംഗീകരിക്കപ്പെട്ട ഔഷധ ഗുണങ്ങളും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
യുഎസ് പ്രസിഡന്റിന് ഒറ്റയ്ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമില്ലെങ്കിലും, ഫെഡറല്‍ ഏജന്‍സികള്‍ക്ക് ഇതിനായി നിര്‍ദ്ദേശം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഉടന്‍ ഒപ്പുവെച്ചേക്കും. ജോ ബൈഡന്റെ ഭരണകാലത്തും സമാനമായ നീക്കങ്ങള്‍ നടന്നിരുന്നു.
അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡി.സിയിലും നിലവില്‍ വിനോദ ആവശ്യങ്ങള്‍ക്കായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാല്‍ ഫെഡറല്‍ തലത്തില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ പരിഷ്‌കാരം വരുന്നതോടെ സംസ്ഥാനതലത്തിലുള്ള നിയമങ്ങളും ഫെഡറല്‍ നിയമങ്ങളും തമ്മിലുള്ള അന്തരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
