ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിൽ നിന്നും രാജ്യതലസ്ഥാനത്തേക്ക് രണ്ടു പുതിയ റൂട്ടുകൾ ആരംഭിക്കുമെന്ന് എയർ കാനഡ പ്രഖ്യാപിച്ചു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ സെൻ്റ് ജോൺസ് ആസ്ഥാനമായുള്ള പിഎഎൽ എയർലൈൻസുമായി സഹകരിച്ച് ഈ ആഴ്ച മുതൽ പുതിയ നോൺ-സ്റ്റോപ്പ് സർവീസിന് തുടക്കമാകും. ഫ്രെഡറിക്ടൺ-ഓട്ടവ, മോങ്ക്ടൺ-ഓട്ടവ എന്നീ രണ്ടു റൂട്ടിലായിരിക്കും പുതിയ സർവീസ് നടത്തുകയെന്ന് എയർ കാനഡ ഗവൺമെൻ്റ് ആൻഡ് കമ്മ്യൂണിറ്റി റിലേഷൻസ് വൈസ് പ്രസിഡൻ്റ് ഡേവിഡ് റിയോൾട്ട് അറിയിച്ചു.

കോവിഡ് മഹാമാരിക്കാലത്ത് അവസാനിപ്പിച്ച പ്രവിശ്യാ തലസ്ഥാനത്തിനും ദേശീയ തലസ്ഥാനത്തിനും ഇടയിലുള്ള എയർ കാനഡയുടെ നേരിട്ടുള്ള വിമാന സർവീസാണ് പുനഃരാരംഭിക്കുന്നത്, ഡേവിഡ് റിയോൾട്ട് പറഞ്ഞു. അതേസമയം ഫ്രെഡറിക്ടൺ-ടൊറൻ്റോ പിയേഴ്സൺ എയർപോർട്ട് ദൈനംദിന സർവീസിൽ മാറ്റം വരുത്തിയതായും അദ്ദേഹം അറിയിച്ചു.
