ഗൂഡല്ലൂര്‍: ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലെ മണിമകുടമായ ഊട്ടിയില്‍ 20 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും കടുത്ത മഞ്ഞുവീഴ്ച. താഴ്ന്ന പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെ (മൈനസ്) എത്തിയതോടെ ഊട്ടി ഇപ്പോള്‍ ഒരു വെള്ളപ്പട്ടു പുതച്ച പ്രതീതിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടുനില്‍ക്കാറുള്ള മഞ്ഞുവീഴ്ച ഇത്തവണ ആഴ്ചകളായി തുടരുന്നത് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ തലൈകുന്ത, കാന്തല്‍, കുതിരപ്പന്തയ മൈതാനി എന്നിവിടങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. പുല്‍മൈതാനങ്ങളും വാഹനങ്ങളുടെ മുകളിലുമെല്ലാം മഞ്ഞ് കട്ടിയായി ഉറഞ്ഞുകൂടിക്കിടക്കുന്ന കാഴ്ചയാണ് പുലര്‍ച്ചെ കാണാന്‍ കഴിയുന്നത്. അതിശൈത്യം ആസ്വദിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി കേരളം ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ പുല്‍മൈതാനങ്ങളില്‍ നൃത്തം ചെയ്തും പാട്ടുപാടിയും സഞ്ചാരികള്‍ ആഘോഷം തുടരുകയാണ്.

തലൈകുന്ത മുതല്‍ ഊട്ടി നഗരം വരെ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും വനംവകുപ്പും ഏറെ പ്രയാസപ്പെടുകയാണ്. മഞ്ഞുവീഴ്ച ആസ്വദിക്കാനെത്തുന്ന സഞ്ചാരികളോട് വനംവകുപ്പും പോലീസും കാണിക്കുന്ന കര്‍ശന നിലപാട് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
മഞ്ഞുവീഴ്ചയുള്ള പുല്‍മൈതാനങ്ങള്‍ വനമേഖലയുടെ ഭാഗമാണെന്ന് പറഞ്ഞ് വനംവകുപ്പ് സന്ദര്‍ശകരെ തടയുകയാണ്. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും വിലക്കുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നവരില്‍ നിന്നും റോഡിലിറങ്ങുന്നവരില്‍ നിന്നും പോലീസ് വന്‍തുക പിഴ ഈടാക്കുന്നതായി പരാതിയുണ്ട്.
ദൂരദിക്കുകളില്‍ നിന്ന് എത്തുന്ന സഞ്ചാരികളോട് ഉദ്യോഗസ്ഥര്‍ സൗഹാര്‍ദ്ദപരമായി പെരുമാറണമെന്നും ടൂറിസം സാധ്യതകളെ തകര്‍ക്കുന്ന നിലപാടുകള്‍ ഒഴിവാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ശൈത്യം ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. അതിനാല്‍ വരും ദിവസങ്ങളിലും ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
