Thursday, November 12, 2026

സ്ക്രീൻ ടൈം കൂടുന്നു, വ്യായാമം കുറയുന്നു; മുന്നറിയിപ്പുമായി മൺട്രിയോൾ പബ്ലിക് ഹെൽത്ത്

മൺട്രിയോൾ : ന​ഗരത്തിലെ മുതിർന്നവരിൽ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം ആശങ്കാജനകമാംവിധം വർധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. റീജിനൽ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും കോൺകോർഡിയ സർവകലാശാലയും സംയുക്തമായി 4,000 പേരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 2018-നെ അപേക്ഷിച്ച്, ദിവസവും രണ്ട് മണിക്കൂറിലധികം വിനോദങ്ങൾക്കായി സ്ക്രീൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധനയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ 23 ശതമാനം പേരും പ്രതിദിനം നാല് മണിക്കൂറിലധികം സ്ക്രീനിന് മുന്നിൽ ചിലവഴിക്കുന്നുണ്ട്. ഇതിൽ 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളിലും (39%), 65 വയസ്സിന് മുകളിൽ പ്രായമുള്ളവരിലുമാണ് (30%) ഈ പ്രവണത ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.

അമിതമായ സ്ക്രീൻ ഉപയോഗം ശാരീരിക വ്യായാമം കുറയ്ക്കുന്നതായും ഇത് ശാരീരിക-മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഡിജിറ്റൽ ശീലങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. സർവേയിൽ പങ്കെടുത്തവരിൽ 18 ശതമാനം പേർ സ്ക്രീൻ ഉപയോഗം തങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ, വലിയൊരു വിഭാഗം (44%) ഇത് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായാണ് വിശ്വസിക്കുന്നത്. അമിതമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ സ്ക്രീൻ സമയം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!