കൊച്ചി : സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ ബിജു മേനോനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അനൂപ് മേനോൻ രംഗത്ത്. പ്രൊമോഷൻ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതല്ല, മറിച്ച് സിനിമയുടെ ഗുണനിലവാരമാണ് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താരങ്ങൾ കരാറിൽ ഒപ്പിടുമ്പോൾ പ്രൊമോഷന് വരുമെന്ന് സമ്മതിക്കാറുണ്ടെങ്കിലും കൃത്യമായ തീയതികൾ നിശ്ചയിക്കാറില്ലെന്നും, മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കിലായിരിക്കുമ്പോൾ പ്രൊമോഷനായി എത്തുക പ്രായോഗികമല്ലെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടി. സിനിമയുടെ ട്രെയിലറാണ് ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ രീതിയെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ബിജു മേനോനെതിരെ പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും നിർമ്മാതാവ് അനൂപ് കണ്ണനും രംഗത്തെത്തിയിട്ടുണ്ട്. കരാർ ഒപ്പിടുമ്പോൾ പ്രൊമോഷനിൽ സഹകരിക്കുമെന്ന് ഉറപ്പുനൽകിയ ശേഷം വിമുഖത കാണിക്കുന്നത് ശരിയല്ലെന്ന് ബാദുഷ പറഞ്ഞു. ’നടന്ന സംഭവം’ സിനിമയുടെ പ്രമോഷന് ബിജു മേനോൻ സഹകരിക്കാത്തത് മൂലം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച നിർമ്മാതാവ് അനൂപ് കണ്ണൻ, നടനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം പരസ്യമായി ബിജു മേനോനെ വിമർശിച്ചതിന് പിന്നാലെയാണ് സിനിമയ്ക്കുള്ളിൽ തന്നെ ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങൾ വരുന്നത്.
