ഹാലിഫാക്സ് : നോവസ്കോഷയിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. നിലവിൽ പ്രവിശ്യയിലെ നാല്പത്തിനായിരത്തിലധികം കുട്ടികൾ പട്ടിണിയിലാണെന്ന് കനേഡിയൻ സെന്‍റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ്-നോവസ്കോഷയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുറഞ്ഞ വേതനം, അപര്യാപ്തമായ വരുമാന പിന്തുണ, ഉയർന്ന ഭവന നിർമ്മാണ ചെലവ് എന്നിവയാണ് ദാരിദ്ര്യത്തിന്‍റെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

2025 ലെ റിപ്പോർട്ട് കാർഡിൽ, 22.7% അതായത് 40,210 കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുന്നതായി കണ്ടെത്തി. അതേസമയം ഈ കണക്ക് 2022 നെ അപേക്ഷിച്ച് 4.6% കുറവാണ്. എന്നാൽ, ഫെഡറൽ, പ്രവിശ്യാ സർക്കാരുകളുടെ ആനുകൂല്യങ്ങൾ ഇല്ലായിരുന്നെങ്കിൽ, 2022 ൽ നോവസ്കോഷയിലെ കുട്ടികളുടെ ദാരിദ്ര്യ നിരക്ക് 38.4 ശതമാനമാകുമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം പ്രവിശ്യയിലെ ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ ദാരിദ്ര്യ നിരക്ക് 24.9 ശതമാനമാണ്. അന്നാപോളിസ്, ഡിഗ്ബി, ക്വീൻസ് കൗണ്ടികളിലെ കുട്ടികളുടെ ദാരിദ്ര്യ നിരക്ക് 30 ശതമാനത്തിന് മുകളിലാണെന്ന് റിപ്പോർട്ട് കണ്ടെത്തി. വിക്ടോറിയ കൗണ്ടിയിലും കുട്ടികളുടെ ദാരിദ്ര്യത്തിൽ 10.6% വർധന ഉണ്ടായി.
