ഫ്ലോറിഡ : പാം ബീച്ച് ഇന്‍റർനാഷണൽ എയർപോർട്ടിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേര് നൽകാനുള്ള ബിൽ ഫ്ലോറിഡ ജനപ്രതിനിധി സഭ പാസാക്കി. വിമാനത്താവളത്തിന്‍റെ പേര് ‘പ്രസിഡന്‍റ് ഡോണൾഡ് ജെ. ട്രംപ് ഇന്‍റർനാഷണൽ എയർപോർട്ട്’ എന്നാക്കി മാറ്റാനുള്ള ബിൽ 81-30 എന്ന വോട്ടിനാണ് സഭ പാസാക്കിയത്. എന്നാൽ, വിമാനത്താവളത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് ട്രംപ് ഓർഗനൈസേഷൻ സമർപ്പിച്ച ട്രേഡ്മാർക്ക് അപേക്ഷകൾ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

വിമാനത്താവളത്തിന്‍റെ പേര് മാറ്റുന്നതിന് തൊട്ടുമുമ്പായി ട്രംപിന്‍റെ സ്വകാര്യ കമ്പനിയായ ‘ഡി.ടി.ടി.എം ഓപ്പറേഷൻസ്’ മൂന്ന് ട്രേഡ്മാർക്ക് അപേക്ഷകൾ സമർപ്പിച്ചു. ‘Donald J. Trump International Airport’, ‘DJT’ എന്നീ പേരുകൾക്ക് മേൽ കുത്തകാവകാശം സ്ഥാപിക്കാനാണ് ഈ നീക്കം. സാധാരണഗതിയിൽ പൊതു വിമാനത്താവളങ്ങളുടെ പേര് സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായിരിക്കും. എന്നാൽ ട്രംപ് കമ്പനി സമർപ്പിച്ച അപേക്ഷയിൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ലഗേജുകൾ, വാച്ചുകൾ തുടങ്ങി വിമാനത്താവളത്തിൽ വിൽക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് ട്രേഡ്മാർക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് വിമാനത്താവളത്തിന്‍റെ പേര് ഉപയോഗിച്ച് ബിസിനസ്സ് ലാഭമുണ്ടാക്കാനുള്ള നീക്കമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. മുമ്പ് ഈ നീക്കത്തെ പിന്തുണച്ചിരുന്ന പല ഡെമോക്രാറ്റിക് അംഗങ്ങളും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. പേര് മാറ്റത്തെ പിന്തുണച്ചിരുന്ന സ്റ്റേറ്റ് പ്രതിനിധി ഷെവ്‌റിൻ ജോൺസ് ഇപ്പോൾ ഇതിനെ ശക്തമായി എതിർക്കുന്നു. പൊതു വിമാനത്താവളത്തിന്‍റെ പേരിൽ നിന്ന് ലാഭമുണ്ടാക്കാൻ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെയും മിഷേൽ ഒബാമയെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള വിഡിയോ വന്നതും ജോൺസിനെപ്പോലുള്ളവർ നിലപാട് മാറ്റാൻ കാരണമായി.
